Web Desk

തിരുവനന്തപുരം

November 30, 2020, 10:41 pm

കെഎസ്എഫ്ഇ റിപ്പോർട്ട് പരിശോധിച്ച് നടപടി: ധനമന്ത്രി

Janayugom Online

കെഎസ്എഫ്ഇയിൽ വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികളെടുക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പരിശോധനയുടെ ഭാഗമായിവന്ന മാധ്യമ വാർത്തകളിൽ അഞ്ചു പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ കെഎസ്എഫ്ഇ ഭരണ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎസ്എഫ്ഇയുടെ പല രീതികളിലും പാരമ്പര്യം നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആക്ഷേപങ്ങളിലും ഗൗരവതരമായ പരിശോധനയാണ് ഉദ്ദേശിക്കുന്നത്. ചിട്ടി നടത്തിപ്പിൽ കേന്ദ്രീകൃത ഓൺലൈൻ സംവിധാനമടക്കം ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു തുടങ്ങിയതുമാണ്. 

തെരഞ്ഞെടുപ്പ് കാലമായതിനാൽ, പ്രശ്നത്തിൽ തർക്കമുണ്ടെന്ന തോന്നൽ സൃഷ്ടിച്ച് മുന്നോട്ടുപോകാനാണ് പ്രതിപക്ഷ താല്പര്യം. അതിനുള്ള അവസരം പ്രതീക്ഷിക്കേണ്ടതില്ല. ധനവകുപ്പ് വിജിലൻസിനെതിരെ നടപടി ആവശ്യപ്പെട്ടുവെന്ന രീതിയിലുള്ള പ്രചരണങ്ങളൊക്കെ ഇതിന്റെ ഭാഗമാണ്. വിജിലൻസ് പരിശോധനയുടെ റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിനു നൽകും. വകുപ്പ് അത് പരിശോധിച്ച് നടപടി സ്വീകരിക്കും. വിജിലൻസിന് എന്തും പരിശോധിക്കാനുള്ള അധികാരമുണ്ട്. എന്നാൽ സുപ്രധാനമായ ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. ജനകീയ വിശ്വാസ്യതയാണ് അതിന്റെ അടിസ്ഥാനം. അത്തരം സ്ഥാപനത്തിലെ പരിശോധനകളിൽ ഔചിത്യം വേണമെന്നതാണ് നിലപാടെന്നും ധനമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:Action after exam­in­ing KSFE report: Finance Minister
You may also like this video