ബിജെപിയുടെ വര്‍ഗ്ഗീയതപരത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ നടപടി വേണം: എല്‍ഡിഎഫ്

Web Desk
Posted on April 18, 2019, 9:39 pm

പത്തനംതിട്ട: എല്ലാ തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും ലംഘിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയും ബിജെപി നടത്തുന്ന വര്‍ഗ്ഗീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരുവാന്‍ കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ പ്രശ്‌നം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും പത്തനംതിട്ട മണ്ഡലത്തില്‍ ലംഘിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥി തന്നെ ഈ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നവരോട് ഈ വിഷയം മാത്രം ഉയര്‍ത്തിയാണ് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വോട്ടഭ്യര്‍ത്ഥന നടത്തുന്നത്. പ്രചാരണ വാഹനങ്ങളിലും ഇതേ നിയമലംഘനം തന്നെയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടന — ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ചട്ടലംഘനം നടത്തിയതിന്റെ വീഡിയോ ക്ലിംപ്പിംഗ് ഉള്‍പ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. വോട്ടര്‍മാരെ മതപരമായും ജാതി അടിസ്ഥാനത്തിലും വിഭജിച്ച് വോട്ടുനേടാനുള്ള കുതന്ത്രമാണ് ബിജെപി പയറ്റുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിനെ സമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്. ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ അതിക്രമിച്ച് കയറി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിനെ ആക്ഷേപിക്കാനുള്ള ശ്രമവും ഉണ്ടായി. എന്നാല്‍ അടുത്ത ദിവസം തന്നെ മറ്റാരോ ആണ് തന്റെ ഫെയ്‌സ് ബുക്കില്‍ ഇത്തരത്തില്‍ അപവാദപ്രചാരണം നടത്തിയതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാലിക്കേണ്ട മര്യാദകളുടെ സീമകള്‍ ലംഘിച്ചാണ് ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ സഹോദരന്മാര്‍ നടത്തിയ ബാങ്ക് അഴിമതിയെക്കുറിച്ചും അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എത്ര പ്രകോപനം സൃഷ്ടിച്ചാലും അതെല്ലാം അവഗണിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ലോക്‌സഭ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എ പി ജയന്‍, സെക്രട്ടറി കെ അനന്തഗോപന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല, ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.