Web Desk

കൊച്ചി-

October 28, 2020, 4:45 pm

സ്വർണക്കടത്തിനെതിരെ മുഖം നോക്കാതെ നടപടി: കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ

Janayugom Online

സ്വർണക്കടത്ത് അടക്കം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന രാജ്യാന്തര കള്ളക്കടത്തിനെതിരെ കസ്റ്റംസ് പ്രവന്റീവ് വിഭാഗം മുഖം നോക്കാതെ കർശന നടപടിയെടുക്കുമെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ ഐ ആർ എസ്. കള്ളക്കടത്ത് പിടികൂടുന്ന കാര്യത്തിൽ ശക്തമായ നടപടിയെടുക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള പ്രത്യക്ഷ നികുതി ബോർഡിൽ നിന്ന് ലഭിച്ചിട്ടുള്ള നിർദേശം. ഇതിൽ നിന്ന് പിന്തിരിയുന്ന പ്രശ്നമില്ലെന്നും ഒരു വിട്ടുവീഴ്ചയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലത്തെ കള്ളക്കടത്തിനെക്കുറിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചാൽ അതിന് പിന്നിൽ ആരായാലും അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് നടപടിയുണ്ടാകും. കള്ളക്കടത്ത് സിൻഡിക്കേറ്റുകളുടെ നിയന്ത്രണത്തിലുള്ള വിതരണ ശൃംഖലകളെ സ്വർണ വ്യവസായ മേഖല വലിയ തോതിൽ ആശ്രയിക്കുന്നുണ്ടെന്ന് സുമിത് കുമാർ പറഞ്ഞു. കരമാർഗവും കടൽമാർഗവും നിലവിലുള്ള എല്ലാ ചാനലുകളെയും അവർ കള്ളക്കടത്തിനായി ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണമാണ് സ്വർണക്കടത്തിനായി വിനിയോഗിക്കപ്പെടുന്നത്. 150 ടൺ വരെ സ്വർണം കേരളത്തിൽ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇത് എഴുപതിനായിരം കോടി വരെ രൂപയുടേതാണ്. ഉയർന്ന നികുതി നിരക്കാണ് സ്വർണക്കടത്ത് വർധിക്കാൻ കാരണമെന്ന് പറയുന്നതിൽ കാര്യമില്ല. ഇതിലും കൂടുതൽ ജി എസ് ടിയും കസ്റ്റംസ് ഡ്യൂട്ടിയും ഈടാക്കുന്ന ഉൽപന്നങ്ങളുണ്ട്.

കള്ളക്കടത്ത് എല്ലാ കണ്ടെയ്നറുകളും കാർഗോ ബാഗേജുകളും പരിശോധിക്കാൻ കസ്റ്റംസിന് കഴിയില്ല. വിപണിയിലേക്ക് എത്തുന്ന കള്ളക്കടത്ത് സാധനങ്ങളെല്ലാം പരിശോധിച്ച് കണ്ടെത്താനും കഴിയില്ല. എല്ലാ ഓഫീസർമാർക്കും വിപണിയിലെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിയണമെന്നില്ല. ബന്ധപ്പെട്ട വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് കള്ളക്കടത്തിനെക്കുറിച്ച് കസ്റ്റംസിന് വ്യക്തമായ വിവരം നൽകാൻ സാധിക്കുക. അത് അവർ തങ്ങളുടെ ഉത്തരവാദിത്തമായി കാണണം. എങ്കിൽ മാത്രമേ ഓഫീസർമാർക്ക് കാര്യക്ഷമമായി ഇതിനെതിരെ പ്രവർത്തിക്കാൻ കഴിയൂ. ഇതു സംബന്ധിച്ച് വ്യവസായ മേഖലയിൽ ബോധവൽക്കരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: action against gold scam accused says cus­toms pre­ven­tive commissoner

YOU MAY ALSO LIKE THIS VIDEO