വരുമാനം പങ്കുവയ്ക്കുന്ന കരാര്‍ പ്രകാരം സർക്കാരിന് നൽകാനുള്ള കുടിശ്ശിക അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാത്ത ടെലകോം കമ്പനികൾക്കെതിരെ കോടതിയലക്ഷ്യ നടപടി. കുടിശിക തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ടെലകോം കമ്പനികളുടെ ആവശ്യം തള്ളിയ സുപ്രീംകോടതി അടുത്ത ഹിയറിങിന് കമ്പനി മേധാവികളോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി. കമ്പനികൾക്ക് അനുകൂലമായി കത്തെഴുതിയ ടെലകോം വകുപ്പ് ഡയറക്ടറുടെ നടപടിയിലും കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ അരുൺ മിശ്ര, അബ്ദുൾ നസീർ, എം ആർ ഷാ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
സുപ്രീം കോടതിയുടെ ഉത്തരവ് മരവിപ്പിച്ച ഉദ്യോഗസ്ഥന്റെ നടപടിയിൽ കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നടപടിയിൽ കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ സ്റ്റാറ്റ്യൂട്ടറി കുടിശികയായി വോഡഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റാ ടെലിസര്‍വീസ് എന്നിവർ 1.47 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ളത്. മാര്‍ച്ച് 17ന് മുമ്പ് മുഴുവന്‍ കുടിശികയും കമ്പനികള്‍ അടയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ 24നാണ് പിഴത്തുക അടക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്പനിക്ക് നിർദേശം നൽകിയത്. വരുമാനം പങ്കുവയ്ക്കുകയെന്നാല് എല്ലാ വരുമാനങ്ങളും അതിന്റെ നിര്‍വ്വചനത്തിലുണ്ടെന്ന് സുപ്രീം കോടതി അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികൾ സുപ്രീം കോടതിയെ വീണ്ടും സമീപിച്ചിരുന്നത്. പിഴ ഒടുക്കാൻ കോടതി നിർദേശിച്ച തീയതി ജനുവരി 23 ആയിരുന്നു. ഉത്തരവു നടപ്പാക്കാത്തതിന് വിശദീകരണം നല്കാന് ടെലകോം വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കത്ത് പിൻവലിച്ചു; കുടിശിക അടയ്ക്കണമെന്ന് കേന്ദ്രം
ടെലകോം കമ്പനികളുടെ തുക അടിയന്തിരമായി ഈടാക്കേണ്ടെന്ന് ആവശ്യപ്പെട്ട് ടെലകോം വകുപ്പ് ഡയറക്ടർ മന്ദർ ദേശ്പാണ്ഡെ ലൈസൻസിങ് ആന്റ് ഫിനാൻഷ്യൽ അസെസ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്താണ് സുപ്രീംകോടതിയുടെ നിശിത വിമർശനത്തിനിടയാക്കിയത്. ഉത്തരവ് പ്രകാരം പിരിക്കേണ്ട പണം സർക്കാർ ഉദ്യോഗസ്ഥൻ പിരിക്കുന്നില്ലെന്നും പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. അതേസമയം ഇന്നലെ വൈകിട്ടോടെ ജനുവരി 23 ന് നൽകിയ കത്ത് പിൻവലിച്ച് കുടിശിക പിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് ടെലകോം മന്ത്രാലയം പുറപ്പെടുവിച്ചു. കുടിശികത്തുക വെള്ളിയാഴ്ച അര്‍ധരാത്രിക്ക് മുമ്പായി അടയ്ക്കണമെന്നാണ് ടെലകോം മന്ത്രാലയം കമ്പനികള്‍ക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളോടാണ് കുടിശിക ഉടന്‍ അടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. രണ്ട് കമ്പനികളും ചേർന്ന് 88,000 കോടി രൂപയുടെ കുടിശികയാണ് അടച്ചുതീര്‍ക്കാനുള്ളത്.
രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?
ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്. കമ്പനികളൊന്നും ഒരു നയാപൈസ പോലും സര്‍ക്കാരിന് നല്‍കിയിട്ടില്ല. സുപ്രിംകോടതിക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലേ? പണത്തിന്റെ ശക്തിയുടെ ഫലമാണോ ഇത്. കോടതി ഉത്തരവ് സർക്കാർ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെങ്കിൽ കോടതി തന്നെ അടച്ചുപൂട്ടുന്നതാണ് നല്ലത്. അഴിമതി തുടച്ചുനീക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാൽ ജുഡീഷ്യൽ വ്യവസ്ഥയിൽ ബഹുമാനം ഇല്ലാത്തവർ ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത്.
English summary: action against telecom companies
you may also like this video