Wednesday
18 Sep 2019

പ്രളയം; തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

By: Web Desk | Saturday 10 August 2019 1:40 PM IST


തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ ദുരിതങ്ങളില്‍ ഭാഗഭാക്കാവാതെ പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യും. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്. ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ സംവിധാനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ജനകീയ ഇടപെടലിന്റെ മുഹൂര്‍ത്തങ്ങളാണ് ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായത്.  പൊലീസും ആര്‍മിയും ഫയര്‍ഫോഴ്‌സും ജില്ലാ ഭരണാധികാരികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് വളരെ പ്രധാനമാണ്. നിര്‍ബന്ധമായും സുരക്ഷയെ കരുതി നിര്‍ദേശങ്ങള്‍ പാലിക്കണം. ആളുകള്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് വീടുകളില്‍നിന്ന് ഇറങ്ങാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അത് അപകടം വരുത്തിവെയ്ക്കും. ഇക്കാര്യത്തില്‍ ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ജാഗ്രത പാലിക്കണം.

കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സാധനങ്ങളടങ്ങിയ എമര്‍ജന്‍സി കിറ്റ് കരുതുക, ടെലിഫോണ്‍ നമ്പറുകള്‍ അറിഞ്ഞിരിക്കുക, വീട് ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടുക എന്നിവ പ്രധാനമാണ്.  സ്ഥിതിഗതികളെ മുന്‍കൂട്ടി കണ്ട് അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് കഴിയുന്നത്ര ആളുകളെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതാണ് ദുരന്തത്തെ മറികടക്കാനുള്ള എറ്റവും പ്രധാന മുന്‍കരുതല്‍ എന്ന് തിരിച്ചറിയാനാവണം. അതുകൊണ്ട് അതുമായി സഹകരിക്കാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാവണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യസഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അപകടങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പെട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകൊടുക്കാനുള്ള ഏര്‍പ്പാടും ചെയ്തിട്ടുണ്ട്.  പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്‌നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനാമാണ് ആ സ്‌നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുത്.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗഭാക്കാവാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.
സ്വന്തം ജീവന്‍ തന്നെ മറന്നുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സജീവമായിരിക്കുന്നത്. അത്തരത്തില്‍ ദൗത്യം നിര്‍വഹിക്കുന്നതിനിടയിലാണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബൈജു മരണപ്പെട്ടത്. ഇത്തരത്തില്‍ അര്‍പ്പണബോധത്തോടെ രംഗത്തിറങ്ങുന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ ഇടപെടല്‍ തന്നെയാണ് നമ്മുടെ കരുത്ത്. ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ സംവിധാനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ജനകീയ ഇടപെടലിന്റെ മുഹൂര്‍ത്തങ്ങളാണ് ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായത്. ബൈജുവിന്റെ വിയോഗത്തില്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗം അനുശോചനം രേഖപ്പെടുത്തി.

Related News