ഓപ്പറേഷൻ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന ഡിജിസിഎ മുന്നറിയിപ്പിന് പിന്നാലെ മൂന്ന് മുതിർന്ന പ്രധാന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പിരിച്ചുവിട്ടു. ജീവനക്കാർക്ക് വിശ്രമം അനുവദിക്കുന്നതിലും ഷിഫ്റ്റ് തീരുമാനിക്കുന്നതിലും വീഴ്ച വരുത്തിയെന്ന കണ്ടെത്തലിലാണ് നടപടി. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ചൂര സിങ്, ക്രൂ ഷെഡ്യൂളിങ് ഡയറക്ടറേറ്റിലെ ചീഫ് മാനേജര്‍ പിങ്കി മിത്തല്‍, ക്രൂ ഷെഡ്യൂളിങ് – പ്ലാനിങ്ങിലെ പായല്‍ അറോറ എന്നിവര്‍ക്കെതിരെയാണ് നടപടി.
ഈ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി ആഭ്യന്തര അച്ചടക്ക നടപടികൾ ആരംഭിക്കാൻ ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം എയർലൈന്‍സിന്റെ പ്രവർത്തനാനുമതി റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കി. ഇതിനു പിന്നാലെയാണ് പിരിച്ചുവിടല്‍.
എയർലൈനിന്റെ ആഭ്യന്തര, അന്തർദേശീയ ശൃംഖലയിലുടനീളമുള്ള ജീവനക്കാരുടെ വിന്യാസം നിയന്ത്രിക്കുന്ന സംവിധാനമായ ഐഒസിസി ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ക്രൂ റോസ്റ്ററിന്റെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നിർദേശം.മേയ് 16നും മേയ് 17നും ബംഗളൂരുവിൽ നിന്ന് ലണ്ടൻ ഹീത്രോയിലേക്ക് സർവീസ് നടത്തിയ രണ്ട് വിമാനങ്ങൾ 10 മണിക്കൂർ ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധി കടന്നതായാണ് ഓഡിറ്റ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു.
ഡിജിസിഎ നിർദേശം അംഗീകരിക്കുന്നതായും ഉത്തരവ് നടപ്പിലാക്കിയെന്നും കാണിച്ച് എയർ ഇന്ത്യ മറുപടി നല്‍കി. സുരക്ഷാ പ്രോട്ടോക്കോളുകളും മറ്റ് മാനദണ്ഡങ്ങളും ഉറപ്പാക്കാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. നേരത്തെ മൂന്ന് വിമാനങ്ങളുടെ സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയതിന് എയര്‍ ഇന്ത്യയെ ഡിജിസിഎ താക്കീത് നല്‍കിയിരുന്നു. അടിയന്തര സുരക്ഷാ ഉപകരണങ്ങള്‍ പരിശോധിക്കാതെ മൂന്ന് എയര്‍ ബസ് ജെറ്റ് വിമാനങ്ങള്‍ പറത്തിയതിനായിരുന്നു താക്കീത്. അഹമ്മദാബാദ് അപകടത്തിന് ദിവസങ്ങള്‍ മുമ്പാണ് താക്കീത് ചെയ്തത്. സുരക്ഷാ പരിശോധന മൂന്നുമാസം വരെ താമസിച്ചെന്നും കണ്ടെത്തിയിരുന്നു.
അതിനിടെ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 231 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 210 മൃതദഹങ്ങള്‍ വിട്ടുനല്‍കി. പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എട്ടുപേരുടെ ബന്ധുക്കളോട് വീണ്ടും ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.