25 April 2024, Thursday

Related news

March 29, 2024
March 24, 2024
January 28, 2024
January 12, 2024
December 2, 2023
September 22, 2023
September 19, 2023
September 8, 2023
September 3, 2023
August 17, 2023

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം ഇല്ലാതാക്കാന്‍ നടപടി വേണം: യുജിസി

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2021 8:14 pm

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം ഇല്ലാതാക്കാനുള്ള നടപടികള്‍ വേണമെന്ന് യുജിസി. സര്‍വകലാശാലകളിലെയും കോളജുകളിലെയും ജീവനക്കാരും അധ്യാപകരും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളോട് വേര്‍തിരിവ് കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് വൈസ് ചാന്‍സലര്‍മാരോട് യുജിസി ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമായി അയച്ച കത്തിലൂടെയാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ സെക്രട്ടറി രജ്നീഷ് ജെയ്ന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം സംബന്ധിച്ച് 2020–21 കാലയളവില്‍ ഉണ്ടായ പരാതികളെക്കുറിച്ചും അവയില്‍ സര്‍വകലാശാലകള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതികള്‍ പരിശോധിക്കുന്നതിനായി സര്‍വകലാശാലകളില്‍ ഒരു സമിതി രൂപീകരിക്കണമെന്നും യുജിസി നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഇത്തരം പരാതികള്‍ സ്വീകരിക്കുന്നതിനായി വെബ്സൈറ്റില്‍ പ്രത്യേക പേജ് സൃഷ്ടിക്കണം. രജിസ്ട്രാറിന്റെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഓഫീസില്‍ പരാതി രജിസ്റ്റര്‍ തയാറാക്കി സൂക്ഷിക്കണമെന്നും യുജിസി ആവശ്യപ്പെട്ടു. ജാതിവിവേചനം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 


ഇതുംകൂടി വായിക്കു:ഉന്നത വിദ്യാഭ്യാസം ;സമഗ്രപരിഷ്കരണത്തിന് മൂന്ന് കമ്മിഷന്‍


 

രാജ്യത്ത് വിവിധ സര്‍വകലാശാലകളിലും കോളജുകളിലും ജാതിവിവേചനം നടക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ജാതിവിവേചനത്തെത്തുടര്‍ന്ന് 2016ല്‍ ആത്മഹത്യ ചെയ്ത സംഭവത്തോടെയാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്. 2019 മെയ് മാസത്തില്‍ മുംബൈയിലെ ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളജില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ജാതി അധിക്ഷേപം പതിവായതിനെത്തുടര്‍ന്ന് പായല്‍ തദ്‌വി എന്ന ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തിരുന്നു.

ഈ വര്‍ഷം ജൂലൈ മാസത്തില്‍ മദ്രാസ് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പി തനിക്ക് നേരിട്ട ജാതി വിവേചനം തുറന്നുപറഞ്ഞ് രാജിവച്ചതും വാര്‍ത്തയായിരുന്നു. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെയും പായലിന്റെയും അമ്മമാര്‍ 2019ല്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

eng­lish summary:Action should be tak­en to erad­i­cate caste dis­crim­i­na­tion in high­er edu­ca­tion insti­tu­tions: UGC
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.