March 23, 2023 Thursday

Related news

March 21, 2023
March 15, 2023
March 14, 2023
March 13, 2023
March 10, 2023
March 3, 2023
March 2, 2023
March 1, 2023
February 28, 2023
February 21, 2023

സാമ്പത്തിക കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
April 30, 2020 9:53 pm

സാമ്പത്തിക കുറ്റവാളികൾക്കെതിരെയും ബാങ്ക് വായ്പകൾ വീണ്ടെടുക്കുന്നതിനും വേണ്ടി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിന് റിസർവ് ബാങ്ക് നൽകിയ മറുപടിയിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ ഗുരുതരവീഴ്ച വരുത്തിയ 50 പേരുകൾ വെളിപ്പെടുത്തിയ സംഭവം ഗുരുതരവും ആശങ്കാജനകവുമാണ്. 2019 സെപ്റ്റംബർ 30 വരെ 68,607 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്. വൻകിട കോർപ്പറേറ്റുകളുടെ വായ്പകൾ വൻതോതിൽ എഴുതിത്തള്ളുന്നത് ബാങ്കുകളിൽ ഒരു പതിവാണെങ്കിലും ഇപ്പോൾ വിവരം പുറത്തുവന്ന സമയം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

കോവിഡ് മഹാമാരിമൂലം നമ്മുടെ രാജ്യത്തെ ദരിദ്രരായ ആളുകൾ എണ്ണമറ്റ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ഉപജീവനമാർഗം നഷ്ടപ്പെട്ട് കഷ്ടപ്പാടുകൾ അനുഭവിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ, ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളും കരാർ തൊഴിലാളികളും ജോലി നഷ്‌ടപ്പെടുകയും ഒറ്റരാത്രികൊണ്ട് യഥാർത്ഥത്തിൽ തെരുവാധാരമാകുകയും ചെയ്ത സമയത്ത്, കൊറോണയുമായി ബന്ധപ്പെട്ട ചെലവുകൾ മറികടക്കാൻ സർക്കാർ ജീവനക്കാർ അവരുടെ പ്രിയപ്പെട്ട അലവൻസും ആനുകൂല്യങ്ങളും ത്യജിക്കണമെന്ന് സർക്കാർ തന്നെ നിർദ്ദേശിക്കുന്ന ഒരു സമയത്ത്, ബിജെപി-എൻ‌ഡി‌എ സർക്കാരിന്റെ മൂക്കിനു കീഴിൽ ബോധപൂർവ്വം വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ വൻ തുകയ്ക്കുള്ള വായ്പകൾ എഴുതിത്തള്ളുകയെന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വർഷം തോറും ബാങ്കുകളുടെ കിട്ടാക്കടം അപകടകരമായി ഉയരുന്നത് നേരത്തേതന്നെ ചൂണ്ടിക്കാണിച്ചതും വായ്പകൾ തിരിച്ചുപിടിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണ്. 2009 ൽ 51,500 കോടിയായിരുന്ന കിട്ടാക്കടം 2018 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1,22,018 കോടിയായിരിക്കുന്നു. 9331 പേർ വരുത്തിയ കടമാണ് ഇത്.

രാജ്യത്തു നിന്ന് ഒളിച്ചോടിയ കുറ്റവാളികളായ വിജയ് മല്യ, നീരവ് മോഡി, മെഹുൽ ചോക്സി, വിക്രം കോത്താരി തുടങ്ങി ക്രിമിനൽ നടപടി നേരിടുന്നവരാണ് ബാങ്കുകളുടെയും റിസർവ് ബാങ്കിന്റെയും സർക്കാരിന്റെയും ഈ നടപടിയുടെ ഗുണഭോക്താക്കൾ. വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ മറ്റ് സാധാരണക്കാരെപ്പോലെ അവരെ പരിഗണിക്കേണ്ടതില്ല. ഈ വിഷയം പ്രത്യേകം കൈകാര്യം ചെയ്യണമെന്നും അല്ലെങ്കിൽ ഇത്തരത്തിലുള്ള ഇളവുകൾ ബാങ്കുകളെ വഞ്ചിക്കാനും രാജ്യം വിട്ട് ഓടിപ്പോകാനും കൂടുതൽ വ്യവസായികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.