Monday
24 Jun 2019

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍

By: Web Desk | Wednesday 10 April 2019 10:12 PM IST


സുപ്രധാനമായ തീരുമാനങ്ങളാണ് ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നുണ്ടായത്. നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഒരുക്കുകൂട്ടുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും തിരിച്ചടിയായാണ് പ്രസ്തുത തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് ബിജെപിയും അതിന്റെ നേതാക്കളും മുന്നോട്ടുപോകുന്നത്. പുല്‍വാമ ഭീകരാക്രമണവും ബലാക്കോട്ട് തിരിച്ചടിയുമൊക്കെ നിരന്തരം പ്രചാരണത്തിന് അവര്‍ ഉപയോഗിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഖാദി ഇന്ത്യയെന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങളില്‍ മോഡി ചിത്രങ്ങള്‍ പതിച്ച് വില്‍പന നടത്തുന്നു. ഇതെല്ലാം യഥാര്‍ഥത്തില്‍ തോല്‍വി ഉറപ്പാക്കിയൊരു രാഷ്ട്രീയപാര്‍ട്ടി പിടിച്ചുനില്‍ക്കാന്‍ നടത്തുന്ന അവസാന ശ്രമങ്ങളുടെ ഭാഗമാണ്. അത് പക്ഷേ സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ വെല്ലുവിളിച്ചാകുന്നുവെന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് കടുത്ത തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്.
മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് വേളയില്‍ തടയണമെന്ന് സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പ്രദര്‍ശനം നടത്തുമെന്ന നിലയിലാണ് നിര്‍മാതാക്കള്‍ മുന്നോട്ടുപോയത്.
തെരഞ്ഞെടുപ്പ് നേരിടുന്ന ഏതെങ്കിലും വ്യക്തിയെയോ പാര്‍ട്ടിയെയോ പ്രോത്സാഹിപ്പിക്കുന്ന ജീവചരിത്രമോ വ്യക്തിവര്‍ണനയോ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ പാടില്ലെന്ന നിര്‍ദ്ദേശം കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അതിന്റെ രാഷ്ട്രീയ ഉള്ളടക്കം ചട്ടലംഘനമാണെന്ന് കണ്ടെത്തിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കേ രാജ്യത്ത് 23 ഭാഷകളിലായി പ്രദര്‍ശനം ആരംഭിക്കാനായിരുന്നു തീരുമാനം. മെയ് 19 വരെ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ പാകത്തിലാണ് സിനിമ നിര്‍മിക്കുകയും പ്രദര്‍ശനം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തതെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. അത് അംഗീകരിക്കുന്ന വിധത്തിലാണ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന തീരുമാനം.
ഇതോടൊപ്പം തന്നെയാണ് മോഡിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും പ്രകീര്‍ത്തിക്കുന്നതിന് മാത്രമായുള്ള വാര്‍ത്താ ചാനല്‍ നമോ ടിവിക്കെതിരെയുള്ള തീരുമാനവും ഉണ്ടായിരിക്കുന്നത്. രണ്ടു ചാനലുകളിലെ സീരിയലുകള്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് എന്ത് കുത്സിത ശ്രമവും ബിജെപിയും സഖ്യകക്ഷികളും നടത്തുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. വിശ്വാസത്തെയും കലാരംഗത്തെയും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. പുല്‍വാമ ഭീകരാക്രമണവും കപട ദേശീയതയും ഉപയോഗിച്ച് ധ്രുവീകരണശ്രമങ്ങള്‍ നടത്തുന്നതിനൊപ്പം തന്നെ കലാ സാഹിത്യ സൃഷ്ടികളെ ഉപയോഗിച്ചുള്ള പ്രചരണ തന്ത്രങ്ങളും അവര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിശ്വാസത്തെ ഉപയോഗിച്ചുകൊണ്ട് വോട്ടര്‍മാരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്നതിനും കലാസൃഷ്ടികളിലൂടെ അവരുടെ മനസിലേയ്ക്ക് കടന്നുകയറുന്നതിനുമാണ് ശ്രമം നടക്കുന്നത്.
രാജ്യത്തെ പ്രമുഖ കലാ – സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം തന്നെ മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനും രാജ്യവിരുദ്ധ നയങ്ങള്‍ക്കുമെതിരെ വോട്ടുചെയ്യണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. കലാകാരന്മാര്‍, നാടകപ്രവര്‍ത്തകര്‍, സാഹിത്യ നായകര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ളവര്‍ കൂട്ടമായി ഈ ആഹ്വാനം മുന്നോട്ടുവച്ചിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ തങ്ങളുടെ ഇച്ഛയ്ക്ക് വഴങ്ങുന്ന ചിലരെ ഉപയോഗിച്ച് അതിനെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഇത്തരം നടപടികള്‍ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.
ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ തലങ്ങളിലും പരാജയപ്പെടുമ്പോള്‍ ജന മനസുകളിലേക്ക് വളഞ്ഞ വഴികളിലൂടെ കടന്നുകയറാന്‍ ശ്രമിക്കുകയെന്ന ഫാസിസ്റ്റ് തന്ത്രം തന്നെയാണ് ബിജെപി പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം ശ്രമങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നത്. ആ പ്രതിഷേധം മനസിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറായി എന്നത് ആശ്വാസകരമാണ്. നേരത്തേ ചില നടപടികളില്‍ പക്ഷപാതിത്വമുണ്ടായെന്ന സംശയമുണ്ടായെങ്കിലും ഇവിടെ കമ്മിഷന്‍ നടപടി സന്തോഷകരമാണ്.
രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കലാ സൃഷ്ടികളെ ഉപയോഗിക്കാറുണ്ടെങ്കിലും ബിജെപി ഇപ്പോള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അപലപനീയമാണ്. അതുകൊണ്ടാണ് ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വിഷയം പോലും ഉന്നയിക്കപ്പെടാത്തത്. തീര്‍ച്ചയായും ആരെയും അംഗീകരിക്കില്ലെന്ന ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് തന്നെ ഏറ്റിരിക്കുന്ന ആഘാതമാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നുണ്ടായിരിക്കുന്ന നടപടികള്‍. ഇത്തരം കര്‍ശനമായ തീരുമാനങ്ങളാണ് സുതാര്യവും നീതിപൂര്‍വകവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന എല്ലാവരും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് കാംക്ഷിക്കുന്നത്.