January 28, 2023 Saturday

Related news

November 29, 2020
November 28, 2020
November 26, 2020
November 26, 2020
November 26, 2020
November 26, 2020
November 22, 2020
November 18, 2020
November 10, 2020
November 10, 2020

തദ്ദേശം 2020: കോവിഡ് കാലത്ത് സജീവമായി വിർച്വൽ അങ്കത്തട്ട്

മനു എം
തിരുവനന്തപുരം
November 18, 2020 4:12 pm

കോവിഡിന്റെ പശ്ചാത്തലത്തിൽ അല്പം വൈകിയെങ്കിലും തെരഞ്ഞെടുപ്പ് പോരിനോടടുക്കുമ്പോൾ ജില്ലയിൽ ആവേശം ഒട്ടും ചോരുന്നില്ല. കവലകളിലെ ചൂടൻ രാഷ്ട്രീയ ചർച്ചകളും വഴി നീളൻ റാലികളും നാട്ടുകാരെ കൈയിലെടുക്കുന്ന പ്രസംഗങ്ങളും ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ ആവേശം കൊള്ളിക്കില്ല. കോവിഡെന്ന വില്ലൻ എല്ലാത്തിനും വിലങ്ങുതടിയായി നിൽക്കുമ്പോൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രചാരണ രീതികൾ ജനശ്രദ്ധ നേടുകയാണ്.
മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം ഏകദേശം പൂർത്തിയാകുകയാണ്. ഇനി പ്രചാരണ രംഗം ഉണരുകയാണ്. ഇത്തവണ രാഷ്ട്രീയ സംഗമങ്ങളും, റോഡ് ഷോയും, പൊതുയോഗങ്ങളും ഉൾപ്പെടെയുള്ള അങ്കത്തട്ടുകൾ സജീവമാകുകയില്ല, പകരം ഓൺലൈനിലാണ് ആദ്യ ലാപ്പിൽ പ്രചാരണം കൊഴുക്കുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെ തെരഞ്ഞെടുപ്പിലെ പുത്തൻ വിർച്വൽ ഗോദ ഉണർന്നു കഴിഞ്ഞു.

തകൃതിയായി പോസ്റ്ററുകളും ചുവരെഴുത്തും
ആദ്യ റൗണ്ടിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി ചുവഴെഴുത്തുകളും പോസ്റ്ററുകളും പ്രധാന കേന്ദ്രങ്ങളിലെല്ലാം പൂർത്തിയാകുകയാണ്. മുന്നണികളിലെ സ്ഥാനാർത്ഥികളിലധികവും പുതുമുഖങ്ങളായതിനാൽ ഇവരെ വാർഡുകളിൽ പരിചയപ്പെടുത്തലാണ് പ്രധാന ഘട്ടം. അതിനായുള്ള പ്രവർത്തനങ്ങള്‍ പ്രാദേശിക തലത്തിൽ പുരോഗമിക്കുന്നുണ്ട്. ദീപാവലി അവധി ദിവസങ്ങൾ ആദ്യ ഘട്ട പരിചയപ്പെടുത്തലിൽ പരമാവധി പ്രയോജനപ്പെടുത്താനായി. സ്ഥാനാർത്ഥികൾ ആശംസാകാർഡുകളും പുറത്തിറക്കിയിരുന്നു.

ആൾക്കൂട്ടം വേണ്ടേ വേണ്ട
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കൂട്ടം കൂടിയുള്ള വോട്ടഭ്യർത്ഥനയില്ല, പകരം മൂന്ന് പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് വോട്ടഭ്യര്‍ത്ഥന. ബൈക്ക് റാലികളും സ്വീകരണവും ഇല്ല, ഇത്തവണ അതത് പ്രദേശത്തെ പ്രവർത്തകർ സ്ഥാനാർത്ഥികളെ ഗൃഹസന്ദർശനത്തിന് സഹായിക്കും. പരസ്യ പ്രചാരണത്തിനുള്ള പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പണം ഏതാണ്ട് പൂർണമാകുന്ന മുറയ്ക്ക് പരസ്യപ്രചാരണം വ്യാപകമാക്കാനാണ് മുന്നണികളുടെ തീരുമാനം.

വിളംബരം മുഴക്കി വിർച്വൽ വോട്ട് വണ്ടി
പ്രചാരണത്തിന് മാറ്റുകൂട്ടാൻ നൂതന വിദ്യകൾ സജ്ജം. നവ മാധ്യമങ്ങളുടെ സഹായത്തോടെ സ്ഥാനാർത്ഥികളുടെ ഏകദേശ ചിത്രം എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം. സ്ഥാനാർത്ഥികൾക്ക് കോവിഡ് കാലത്ത് വീടുകൾ തോറും കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കേണ്ട സാഹചര്യം ഒഴിവാക്കിയും, പരമാവധി രോഗവ്യാപന സാധ്യത കുറച്ചുമുള്ള പ്രചാരണമാണ് രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഇവയെല്ലാം ഒരു പരിധിവരെ തരണം ചെയ്യാൻ വിർച്വൽ വേദികൾ സഹായകരമാകും.
വോട്ടർമാരെ കൈയിലെടുക്കാനുള്ള വെർച്വൽ മാർഗങ്ങളിൽ പ്രധാനമാണ് വാട്സപ്പ് സ്റ്റാറ്റസുകളിലൂടെയുള്ള വിർച്വൽ ജാഥകൾ. സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന വിളംബരം മുഴക്കി നീങ്ങുന്ന വാഹന പര്യടനം സ്റ്റാറ്റസുകളിൽ നിറയുകയാണ്. ഇത്തവണ സ്ഥാനാർത്ഥികളിലധികവും യുവനിരയായതിനാൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന യുവതയെ കയ്യിലെടുക്കാനും, അവരെ സ്ഥാനാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ ധരിപ്പിക്കാനും ഇത്തരം മാർഗങ്ങൾ ഫലപ്രദമാണ്. വാട്‌സ്‌ആപ്പ്‌ ഫേസ്‌ബുക്ക്‌ പ്രചരണങ്ങൾക്ക്‌ കൊഴുപ്പേകാൻ ഇനി വിർച്വൽ പ്രസംഗങ്ങളും അധികം വൈകാതെ കാണാം. സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മറ്റു വിവരങ്ങളും ഫേസ്ബുക്കിലടക്കം വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഓൺലൈൻ പ്രചരണം കൂടുതൽ വ്യാപകമാകും.

സ്ഥാനാർത്ഥിയെ പരിചയപ്പെട്ടോളൂ പക്ഷേ
ഷേക്ക് ഹാന്‍ഡ് കൊടുക്കണ്ട
പരസ്യ പ്രചരണ വേളയിലെ ഭവന സന്ദർശനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഭവന സന്ദര്‍ശനത്തിനുള്ള സംഘങ്ങളിൽ ആളുകൾ കൂടാൻ പാടില്ല. ഇത്തവണ കൊടിയും തോരണങ്ങളുമല്ല, മാസ്കും സാനിറ്റൈസറുമാണ് പ്രധാനം. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുതെന്നും, വീട്ടുകാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഷേക്ക് ഹാന്‍ഡ് നല്‍കരുതെന്നും നിർദ്ദേശമുണ്ട്. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ പാടുള്ളൂ.

പ്ലാസ്റ്റിക്കിന് സമ്പൂർണ വിലക്ക്
തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക്കിന് സമ്പൂർണ വിലക്കുണ്ട്. പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക്ക് പേപ്പറുകൾ, പ്ലാസ്റ്റിക്ക് നൂലുകൾ, പ്ലാസ്റ്റിക്ക് റിബണുകൾ എന്നിവ പോലും ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്. പ്ലാസ്റ്റിക്ക്, പിവിസി തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയും ഉപയോഗിക്കാൻ പാടില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളിഎത്തലീൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക്കിനെ പുറത്താക്കി ഇത്തവണ തുണികൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും ചുവഴെഴുത്തുകളുമാണ് എവിടെയും നിറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.