Friday
22 Feb 2019

പോരാട്ടങ്ങളിലൂടെ വളര്‍ന്ന ജീവിതം

By: Web Desk | Friday 19 January 2018 5:07 PM IST

ഡോ. വിളക്കുടി രാജേന്ദ്രന്‍

സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയും കോളജ് അധ്യാപികയും ‘ആക്ടിവിസ്റ്റു’മായിരുന്നു കഴിഞ്ഞ ഡിസംബര്‍ 18ന് നമ്മെ വിട്ടകന്ന പ്രൊഫ. സി കെ ലില്ലി. കുറച്ചുകാലമായി രോഗബാധിതയായി വിശ്രമത്തിലായിരുന്നു എങ്കിലും വായനയും എഴുത്തും ടീച്ചര്‍ മുടക്കിയിരുന്നില്ല. സംഭാഷണത്തിനിടയില്‍ നാം മറന്നുപോകുന്ന കാവ്യശകലങ്ങളോ സന്ദര്‍ഭങ്ങളോ ഒക്കെ അവര്‍ ഓര്‍ത്തെടുത്തിരുന്നു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ സഹധര്‍മിണിയായ ടീച്ചര്‍ ‘സാവി’നോടൊപ്പം (അങ്ങനെയാണ് ഭര്‍ത്താവിനെ അവര്‍ വിളിച്ചിരുന്നത്. സഖാവിന്റെ ചുരുക്കരൂപമാണ്) അടുത്തകാലം വരെയും സാംസ്‌കാരിക യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇണപിരിഞ്ഞ് അവരെ കണ്ടിട്ടേയില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ (സിപിഐ) സജീവ പ്രവര്‍ത്തകരായിരിക്കവേ തന്നെ ജാതി രാഷ്ട്രീയഭേദമെന്യേ വലിയൊരു സുഹൃത് സംഘത്തിന്റെ സ്‌നേഹസൗഹൃദങ്ങള്‍ ആര്‍ജിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഒരിക്കല്‍ പരിചയപ്പെടുന്ന ആര്‍ക്കും ടീച്ചറെ വിസ്മരിക്കാന്‍ കഴിയുമായിരുന്നില്ല. സുസ്‌മേര വദനയായല്ലാതെ ടീച്ചറെ കണ്ടിട്ടില്ല. ഏത് വിഷമസന്ധികളെയും ധീരമായും നിര്‍ഭയമായും നേരിട്ട അവര്‍ പോരാട്ടത്തിന്റെ വഴികളിലൂടെയാണ് കടന്നുവന്നത് എന്നറിയുന്നവര്‍ കുറവായിരിക്കും.
ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണാധിപത്യത്തിനുമെതിരെ കലാപത്തിനു വിത്തിട്ട ‘സ്വതന്ത്രസമുദായം’ (1934) എന്ന ഗ്രന്ഥം രചിച്ച വൈക്കം ഇ മാധവന്റെയും സി കെ കൗസല്യടീച്ചറുടെയും മകളായി 1937 ല്‍ വൈക്കത്താണ് ലില്ലി ജനിച്ചത്. ജാതിഭൂതത്തിനെതിരായ തീപാറുന്ന ചിന്തകള്‍ നിറഞ്ഞ ‘സ്വതന്ത്രസമുദായം’ അന്നത്തെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സര്‍ക്കാരുകള്‍ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. നിരോധിക്കപ്പെട്ടതോടെ ഒളിവില്‍ കഴിഞ്ഞ് അതീവരഹസ്യമായി ‘സ്വതന്ത്രസമുദായം’ അച്ചടിച്ച് പ്രസിദ്ധീകരിക്കുവാന്‍ മാധവന്‍ ധൈര്യം കാണിച്ചു. പിന്നീട് കമ്യൂണിസ്റ്റ് കുടുംബമായി മാറിയ ആ മാളികവീട്ടിലാണ് ലില്ലി ഉള്‍പ്പെടെ ഏഴു മക്കള്‍ പിറന്നത്.
1962 ല്‍ തിരുവനന്തപുരം ചാല ഹൈസ്‌കൂളില്‍ അധ്യാപികയായി നിയമിക്കപ്പെട്ട ലില്ലിയെ കമ്യൂണിസ്റ്റ് എന്ന കാരണത്താല്‍ ഏതാനും മാസങ്ങള്‍ക്കകം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പൊലീസ് വെരിഫിക്കേഷനെത്തുടര്‍ന്നായിരുന്നു ഇത്. പി ടി ചാക്കോയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി. ജോലി നഷ്ടപ്പെട്ട ടീച്ചര്‍ വെറുതെയിരുന്നില്ല. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് അവര്‍ പ്രസ്താവനയിറക്കി. വൈക്കം മാധവന്റെ സുഹൃത്തുകൂടിയായ കേരള കൗമുദി പത്രാധിപര്‍ സുകുമാരന്‍ ലില്ലിയുടെ പ്രശ്‌നം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രയോജനമുണ്ടായില്ല.
1962 സെപ്റ്റംബര്‍ രണ്ടിലെ കേരളകൗമുദി പത്രത്തില്‍ ലില്ലി ഒരു തുറന്ന കത്തെഴുതി. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായിരുന്നു അത്. പുരോഗമനവാദിയായ അന്നത്തെ ഗവര്‍ണര്‍ വി വി ഗിരിയുടെ പ്രസ്താവനകളുടെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ഈ കത്ത് പത്രാധിപരുടെ കുറിപ്പ് സഹിതം എഡിറ്റ് പേജില്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചു. ‘സി കെ ലില്ലിയുടെ കരളലിയിക്കുന്ന ഈ കത്ത് കാണുമ്പോഴെങ്കിലും പി ടി ചാക്കോയുടെ ധാര്‍മികബോധം ഉണര്‍ന്നെഴുന്നേല്‍ക്കുമെന്ന് കരുതുന്നു-‘ ഇതായിരുന്നു പത്രാധിപര്‍ ചേര്‍ത്ത കുറിപ്പ്. കത്ത് പ്രസിദ്ധീകരിച്ച ദിവസം തന്നെ ആഭ്യന്തര മന്ത്രി, പത്രാധിപരെ ഫോണില്‍ വിളിച്ച് പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്നും തുടര്‍ന്ന് ഇതൊരു വിവാദമാക്കരുതെന്നും അഭ്യര്‍ഥിച്ചു. കത്ത് വന്നതിന്റെ അഞ്ചാം ദിവസം ലില്ലിയെ സര്‍വീസില്‍ പുനര്‍ നിയമിച്ച് ഉത്തരവായി. അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇത്.

കൊല്ലം എസ് എന്‍ കോളജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ബിഎഡും, അധ്യാപികയായിരിക്കെ എം എഡും പാസായി. കൊല്ലത്ത് വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകയായിരുന്നപ്പോഴാണ് എസ് എഫ് പ്രവര്‍ത്തകനും സമരനേതാവും ആയിരുന്ന പെരുമ്പുഴ ഗോപാലകൃഷ്ണനുമായി പ്രണയത്തിലായത്. അദ്ദേഹത്തെത്തന്നെ പിന്നീട് ജീവിതസഖാവായി സ്വീകരിക്കുകയും ചെയ്തു.
ചാല സ്‌കൂളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടശഷം വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് ലില്ലിക്ക് പുനര്‍നിയമനം ലഭിച്ചത്. അധ്യാപനത്തിലെന്നപോലെ കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിലും ടീച്ചര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. കെ എസ് ചിത്ര, അരുന്ധതി തുടങ്ങി പില്‍ക്കാലത്ത് പ്രശസ്തരായ പലരും ടീച്ചറുടെ പ്രോത്സാഹനം ലഭിച്ചിട്ടുള്ളവരാണ്. ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജില്‍ ലക്ചറര്‍ ആയി നിയമനം ലഭിച്ച അവര്‍ മൂന്നു പതിറ്റാണ്ടോളം വിവിധ കോളജുകളില്‍ പ്രവര്‍ത്തിച്ച സീനിയര്‍ ഗ്രേഡ് പ്രൊഫസറായി സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് ഒരു വ്യാഴവട്ടക്കാലത്തോളം കുമാരപുരം ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. ആ കലാലയം ഇന്നു കാണുന്ന തരത്തില്‍ വികസിപ്പിക്കുന്നതില്‍ ടീച്ചര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും സംസ്‌കൃത സര്‍വകലാശാലയിലും ടീച്ചര്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.
അറുപതുകള്‍ മുതല്‍ ജനയുഗം, മലയാളനാട്, കേരളകൗമുദി, മാതൃഭൂമി തുടങ്ങിയ പല ആനുകാലികങ്ങളിലും സി കെ ലില്ലി എഴുതിയിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗത്തിലിരുന്നപ്പോള്‍ ടീച്ചര്‍ എഴുതിയ കഥകള്‍ എന്‍ വിയുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം തന്നെ അത് മാതൃഭൂമിക്കയച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. ജനയുഗം, സിനിരമ വാരികകളില്‍ സ്ഥിരം പംക്തി കൈകാര്യം ചെയ്തിരുന്നു. കാമ്പിശ്ശേരിയുടെ നിര്‍ദേശപ്രകാരം ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ‘സാഹിത്യകാരന്‍മാരുടെ ഭാര്യമാര്‍’ എന്ന പരമ്പര ഏറെ ജനശ്രദ്ധനേടി. ‘തീരം മറക്കുന്ന തിരകള്‍’ എന്ന കഥാസമാഹാരവും റഷ്യന്‍ നോവലിന്റെ വിവര്‍ത്തനവുമാണ് (കാട്ടുവള്ളി ഇലകള്‍) പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍.
ലില്ലി ഉള്‍പ്പെടെ കുടുംബത്തിലെ മിക്കപേരും കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ) പ്രവര്‍ത്തകരായിരുന്നു. സമരോത്സുക ചൈതന്യമായിരുന്ന ലില്ലി ടീച്ചറുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.