20 April 2024, Saturday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ട്രോൾ തിരിച്ചടിയായി: ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രവർത്തകനെ പരിഹസിച്ച കെ സുരേന്ദ്രന്റെ മനസ്സ് മലീമസമാണെന്ന് വ്യക്തമാക്കി പ്രവർത്തകർ രംഗത്ത്

കോഴിക്കോട് ബ്യൂറോ
കോഴിക്കോട്
November 12, 2022 10:56 am

സ്വാമി സന്ദീപാനന്ദഗിരിയെയും പൊലീസിനെയും സർക്കാറിനെയും പരിഹസിക്കാൻ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ് ബുക്കിൽ പങ്കുവെച്ച ട്രോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിലുണ്ടായ പുതിയ വഴിത്തിരിവിനെ പരിഹസിക്കുകയെന്ന ലക്ഷ്യത്തോടെ പോസ്റ്റിടുമ്പോൾ ആത്മഹത്യ ചെയ്ത പാർട്ടി പ്രവർത്തകനെ കൂടിയാണ് കെ സുരേന്ദ്രൻ പരിഹസിച്ചതെന്നാണ് ബിജെപി പ്രവർത്തകരുടെ ആക്ഷേപം.

കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കുണ്ടമൺകടവിലെ കൂട്ടാളികളും ചേർന്നാണ് ആശ്രമത്തിൽ തീവച്ചതെന്ന് പ്രകാശിന്റെ മൂത്ത സഹോദരൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഇതിന് മറുപടിയായായിരുന്നു കെ സുരേന്ദ്രന്റെ സാമൂഹിക മാധ്യമത്തിലെ ട്രോൾ.

പ്രിയദർശൻ സംവിധാനം ചെയ്ത വന്ദനം എന്ന സിനിമയിൽ മൃതദേഹം സൈക്കിളിന് പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രമാണ് ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ് എന്ന വാചകത്തോടെ സുരേന്ദ്രൻ പങ്കുവെച്ചത്. 2018 ഒക്ടോബർ 27 ന് പുലർച്ചെയായിരുന്നു ആശ്രമം കത്തിച്ചത്. സംഘപരിവാറാണ് ഇതിന് പിന്നിലെന്ന് സന്ദീപാനന്ദഗിരി ഉൾപ്പെടെയുള്ളവർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നത്.

ഏറ്റവും മികച്ച വിവരദോഷിക്കുന്ന അവാർഡിനുള്ള ബിജെപി നേതാക്കളുടെ മത്സരത്തിൽ സുരേന്ദ്രൻ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നുവെന്നാണ് ബിജെപി പ്രവർത്തകർ തന്നെ പോസ്റ്റിന് മറുപടി നൽകുന്നത്. കെ ജെ പിയെ വിറ്റ് തിന്നുന്നവർക്കൊക്കെ എന്ത് ബലിദാനി. മണ്ടൻമാരായ അണികൾ ഇതൊക്കെ കൺകുളിർക്കെ കണ്ടോളൂ. വേറെ ആർക്കും ഈ ഗതി വരുത്തരുതേ. പാർട്ടിക്ക് വേണ്ടി ബലിദാനി ആകാൻ നിൽക്കുന്നവരെ ഇതാണ് നിങ്ങളുടെയൊക്കെ നേതാവിന്റെ നിലവാരം. സ്വന്തം പാർട്ടിക്കാരനെ ശവത്തോടുപമിച്ച കാവ്യഭാവനേ നിനക്കഭിനന്ദനം. പുറകിൽ ഇരിക്കുന്ന മൃതദേഹം തന്റെ പാർട്ടിക്ക് വേണ്ടി കുറേക്കാലം കൊടി പിടിച്ച ആളാണെന്ന പരിഗണന കൊടുക്കെടോ മരമാക്രി എന്നൊക്കെയാണ് വിമർശനങ്ങൾ ഉയരുന്നത്.

എത്രമാത്രം മലീമസമാണ് നിങ്ങളുടെ മനസ്സെന്ന് പലരും സുരേന്ദ്രനോട് ചോദിക്കുന്നുണ്ട്. മരണപ്പെട്ടയാൽ ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾ വരെ വിശ്വസിച്ച് പ്രവർത്തിച്ചത്. . ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണം. മരണപ്പെട്ടെ പ്രകാശിന്റെ അമ്മ ശരീരം പൂർണ്ണമായി തളർന്ന് അവശയായി കഴിയുന്നു എന്നൊരോർമ്മയെങ്കിലും ഉണ്ടാവണം. സ്വന്തം പ്രവർത്തകർ മരിച്ചു കഴിഞ്ഞാൽ പിന്നെ അവരോടുള്ള നേതാക്കളുടെ മനോഭാവം ഇതായിരിക്കും എന്ന് ഈ ട്രോൾ വ്യക്തമാക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.

ബുദ്ധി ഉറക്കുന്നതിന് മുന്നേ മതവും ജാതിയും കുഞ്ഞ് മനസ്സുകളിൽ കുത്തി നിറച്ച്, പിന്നീട് അവന്റെ വളർച്ചക്കൊപ്പം മനസ്സിൽ അപരമനുഷ്യ വിദ്വേഷവും വളർത്തി നല്ല ലക്ഷണമൊത്ത സാമൂഹ്യ വിരുദ്ധനാക്കി ഒരാളെ മാറ്റുക എന്ന ധർമ്മമാണ് സംഘപരിവാരം ഇവിടെ ഏറ്റെടുത്തിട്ടുള്ളത്. ബോംബ് ഉണ്ടാക്കുമ്പോൾ കയ്യിലിരുന്ന് പൊട്ടി മരിക്കാനും, ക്രിമിനൽ കുടിപ്പകയിൽ സംഘപരിവാറുകാരന്റെ ഭാര്യയുടെ കൊട്ടേഷനിൽ സഹപ്രവർത്തകന്റെ പിച്ചാത്തി പിടിയാകാനുമായിരുന്നു ഇത് വരെ ഒരു ശരാശരി സംഘിയുടെ വിധി. കള്ളപ്പണത്തിന്റെ പങ്ക് കിട്ടാത്ത സംഘമിത്രം, ഡീലിനെ ചോദ്യം ചെയ്താൽ അവനെ നടുറോഡിലിട്ട് പള്ള കുത്തിക്കീറി കുടൽമാല പുറത്തെടുക്കാൻ സഹമിത്രത്തിന് തന്നെ കൊട്ടേഷൻ കൊടുക്കുകയും, ആ ബലിദാനിയുടെ പേരിൽ ഫണ്ട് പിരിച്ച് പുട്ടടിച്ച് ചീർക്കുകയും ചെയ്യുന്ന പരിവാര നേതൃത്വമാണിവർക്കുള്ളത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെ സുരേന്ദ്രന്റെ ട്രോൾ പോസ്റ്റ്. അപമാന ഭാരത്താൽ ആത്മഹത്യ ചെയ്യേണ്ടിവന്ന ഒരു പ്രവർത്തകനെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്ഷേപിച്ചിരിക്കുന്നത്. ട്രോൾ ഇറക്കി രസിക്കുന്നതിന് മുന്നേ മകന്റ വിയോഗത്തിൽ തളർന്ന് കിടപ്പിലായ അവന്റെ അമ്മയെ ആശ്വസിപ്പിക്കാനുള്ള മര്യാദ എങ്കിലും സുരേന്ദ്രൻ കാണിക്കേണ്ടതായിരുന്നു. പരേതനെ അപമാനിക്കും വിധം യാതൊന്നും പറയരുതെന്ന് ഒരു ലാറ്റിൻ പ്രയോഗമുണ്ട്.

മരണപ്പെട്ട ആളെക്കുറിച്ചുള്ള വസ്തുതകൾ അപകീർത്തികരമാണെങ്കിൽ പോലും മരണശേഷം അത് പറയാതിരിക്കുന്നതാണ് അഭികാമ്യം. മരണപെട്ടവരോടും മൃതശരീരത്തോടും കാണിക്കേണ്ട സാമാന്യമര്യാദ പോലും ഇവിടെ സുരേന്ദ്രൻ പാലിച്ചിട്ടില്ല. അല്ലെങ്കിലും സംഘികളിൽ നിന്ന് ആരും മര്യാദ പ്രതീക്ഷിക്കുന്നില്ല എന്നത് വേറെ കാര്യമെന്നും ഒരാൾ സുരേന്ദ്രന് മറുപടി നൽകുന്നു.

ഇതേ സമയം കെ സുരേന്ദ്രന്റെ പോസ്റ്റ് തമാശയായി കണ്ട് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയും സ്മൈലി ഇട്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഒരു വിഭാഗം സംഘപരിവാർ പ്രവർത്തകർ. സംഘപരിവാറുകാരൻ ജീവിച്ചിരിക്കുമ്പോഴും മരിച്ച് കഴിഞ്ഞാലും കൂടെ ഉള്ള മിത്രങ്ങൾക്ക് പോലും പരിഹാസ കഥാപാത്രമാകുന്നത് അതി ദയനീയമാണെന്നും പലരും ഓർമ്മപ്പെടുത്തുന്നു.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരിയും രംഗത്ത് വന്നിട്ടുണ്ട്. ഉള്ളി കെട്ടപോലെ സുരേന്ദ്രന്റെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദ ഗിരി ട്രോൾ പരിഹാസത്തെ വിമർശിച്ചു. ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചതെന്നും സുരേന്ദ്രൻ പങ്കുവെച്ച ചിത്രം പരാമർശിച്ച് കൊണ്ട് സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഇത് യു പിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും സുരേന്ദ്രൻ കാണിക്കണമെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Activists are on the scene stat­ing that K Suren­dran’s mind is impure who mocked the activist who had to com­mit suicide

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.