നടിയെ ആക്രമിച്ച കേസ്: തെളിവിന്റെ സമ്പൂർണ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ്

Web Desk
Posted on December 04, 2019, 9:22 am

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ വിചാരണക്കോടതി പ്രതികൾക്കെതിരെ ഇന്നലെ കുറ്റം ചുമത്തിയില്ല. കേസിലെ മുഖ്യപ്രതി നടൻ ദിലീപ് അവധി അപേക്ഷ നൽകി വിട്ടുനിന്നു. ഇര ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നു പകർത്തിയ തെളിവുകളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെട്ടു വിചാരണക്കോടതിയിൽ ഇന്നലെ വീണ്ടും അപേക്ഷ നൽകി വാദം നടത്തി.

you may also like this video

കേസുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം ദൃശ്യങ്ങളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെടാൻ കേസിലെ പ്രതിയായ ദിലീപിനു അവകാശമില്ല. കേസിലെ നിർണായക സാക്ഷികളായ ചിലരുടെ മൊബൈൽ ഫോണുകളിൽ നിന്നും ലഭിച്ച അവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഇത്തരം സാക്ഷികളെ സ്വാധീനിക്കാൻ ദുരുപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കയും പ്രോസിക്യൂഷനുണ്ട്. എന്നാൽ ഡിജിറ്റൽ രേഖകൾക്കു കേസുമായി ബന്ധമുണ്ടോ ഇല്ലയോ എന്നു ബോധ്യപ്പെടണമെങ്കിൽ ഇത്തരം തെളിവുകൾ പരിശോധിക്കേണ്ടിവരുമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാൻ അതാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതി ദിലീപിന്റെ 3 മൊബൈൽ ഫോണുകളിൽ നിന്നു കണ്ടെത്തിയവ അടക്കം തെളിവായി ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിലും കേസുമായി നേരിട്ടു ബന്ധമില്ലാത്ത പലരുടെയും സ്വകാര്യത ഹനിക്കുന്ന ദൃശ്യങ്ങളുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദഗ്ധരുടെ സാന്നിധ്യത്തിൽ കേസിലെ നിർണായക ദൃശ്യങ്ങൾ പരിശോധിക്കാൻ രണ്ടാഴ്ച സമയം ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിലെ മറ്റു പ്രതികളായ മാർട്ടിൻ ആന്റണി, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷകളിലും 11 നു വിധിപറയും. ദിലീപ്, സനൽകുമാർ എന്നിവർ ഒഴികെയുള്ള മുഴുവൻ പ്രതികളും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.