March 31, 2023 Friday

അടുത്തടുത്ത ദിവസങ്ങളില്‍ അമ്മയും മകനും യാത്രയായി: ഇര്‍ഫാന്റെ ജീവിതത്തില്‍ നടന്നത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്

Janayugom Webdesk
April 29, 2020 3:08 pm

ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ വേര്‍പാട് സിനിമാ ലോകത്തിന് കനത്ത ആഘാതമായിരുന്നു. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ സിനിമാ ആസ്വാദകർക്ക് നൽകിയാണ് അദ്ദേഹം വിടവാങ്ങിയത്. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് അദ്ദേഹം സിനിമയിലെത്തിയത്. സിനിമാക്കഥയെ പോലും വെല്ലുന്ന ക്ലൈമാക്‌സായിരുന്നു ഇര്‍ഫന്‍ ഖാന്റെ ജീവിതം.

ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് അര്‍ബുദരോഗം പിടിപെട്ടത്. 2018 ലാണ് ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് സജീവമായത്. എന്നാല്‍ ലോക്ഡൗണിന്റെ രൂപത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അടുത്ത വില്ലനെത്തി. കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രണ്ട് നഷ്ടങ്ങളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.

രോഗത്തിന്റെ തുടർചികിത്സയ്ക്കായി ലണ്ടനിൽ പോകാനിരിക്കേയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി. ഇതോടെ ചികിത്സ മുടങ്ങി. ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടർചികിത്സ മുടങ്ങുന്നത്. പിന്നാലെ ഉമ്മയുടെ മരണവും ഈ ലോക്ഡൗൺ കാലം ഇർഫാന് നല്‍കി.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇർഫാന്റെ ഉമ്മ സയീദ ബീഗം ജയ്പൂരിൽ മരണപ്പെടുന്നത്. എന്നാല്‍, മുംബൈയിലായിരുന്ന ഇര്‍ഫന് ലോക്ഡൗണ്‍ കാരണം വീട്ടിലെത്തി അമ്മയെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. മുംബൈയിലിരുന്ന് വീഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇർഫൻ കണ്ടത്.

മാതാവ് യാത്രയായി ദിവസങ്ങൾക്കുള്ളിൽ മകനും യാത്രയായി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇർഫാൻ വിടവാങ്ങിയത്. വൻകുടലിനെ ബാധിച്ച അണുബാധയെ തുടർന്ന് ആരോഗ്യനില വഷളായതോടെയാണ് ഇർഫാനെ ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തി ഇര്‍ഫാന്‍ അകാലത്തില്‍ യാത്രയായി.

രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മീരാ നായരുടെ സലാം ബോംബെയാണ് ആദ്യ ചിത്രം.  2013 ൽ പാൻസിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അമേസിങ് സ്പൈഡർമാൻ, ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.