യുവജനങ്ങളെ കാലി വളർത്തലിലേക്ക് ആകർഷിക്കാനും ക്ഷീര മേഖലയിലെ സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ട് സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ചലച്ചിത്രതാരം ജയറാമിനെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനിച്ചു. പെരുമ്പാവൂർ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം കേരള ഫീഡ്സിന്റെ മാതൃക ഫാമായി മാറ്റുമെന്നും ജയറാമിന്റെ സാന്നിദ്ധ്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള ഫീഡ്സ് ചെയർമാൻ കെ എസ് ഇന്ദുശേഖരൻ നായരും എംഡി ഡോ. ബി ശ്രീകുമാറും അറിയിച്ചു.
ഇതോടൊപ്പം കാലിവളർത്തലിന് കേരള ഫീഡ്സ് പ്രത്യേക പദ്ധതികളും നടപ്പാക്കും. പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിൽ സംസ്ഥാനത്തെ സഹായിക്കുന്നതിന് ക്ഷീരോത്പാദക സംരംഭങ്ങൾ വളർത്തുന്നതിനു വേണ്ടിയാണ് കേരള ഫീഡ്സ് പ്രോത്സാഹനവുമായി മുന്നോട്ടു വരുന്നത്. സുരക്ഷിതമായ പാൽ, ആരോഗ്യമുള്ള പശു എന്ന നയമാണ് കേരള ഫീഡ്സിനെ മുന്നോട്ടു നയിക്കുന്നതെന്ന് കെ എസ് ഇന്ദുശേഖരൻ നായർ ചൂണ്ടിക്കാട്ടി.
തെന്നിന്ത്യയിലെ സൂപ്പർതാരമായ ജയറാമിന്റെ അധികമാരും അറിയാത്ത താത്പര്യങ്ങളിലൊന്നാണ് പശുവളർത്തലെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. സിനിമയ്ക്കു പുറമെ ചെണ്ടയിലും ആനപരിപാലനത്തിലും അദ്ദേഹത്തിനുള്ള കമ്പം പ്രസിദ്ധമാണ്. എന്നാൽ അദ്ദേഹം പശുപരിപാലനത്തിലും ഏറെ ശ്രദ്ധ വെയ്ക്കുന്നു. അത്യാധുനിക രീതികൾ അവലംബിച്ചിട്ടുള്ള ഈ ഫാം മറ്റ് സംരംഭകർക്ക് മുന്നിൽ കേരള ഫീഡ്സ് മാതൃകയാക്കി അവതരിപ്പിക്കാൻ വേണ്ടിയാണ് ജയറാമിനെ കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബസിഡറാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ ശ്രദ്ധയില്ലെങ്കിൽ പശുവളർത്തൽ ലാഭകരമായി മുന്നോട്ടുപോകാനാകില്ലെന്നതാണ് ചെറുപ്പക്കാർക്ക് നൽകാനുള്ള പ്രധാന ഉപദേശമെന്ന് ജയറാം പറഞ്ഞു. നേരിട്ടാണ് താൻ പശുവിനെ വാങ്ങിക്കാൻ പോകുന്നത്. തൊഴുത്തിലെ വൃത്തി ഏറെ പ്രധാനമാണ്. മാലിന്യ നിർമ്മാർജ്ജനത്തിനുൾപ്പെടെയുള്ള സംവിധാനവും ഫാം തുടങ്ങുമ്പോൾ തന്നെ ഏർപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിയിട്ട് വളർത്താതെ അഴിച്ച് വിടുകയെന്നത് മികച്ച പരിപാലന മാർഗ്ഗമാണ്.
ഡയറിഫാം തുടങ്ങാനായി ഈ മേഖലയിലേക്ക് പുതുതായി വരാനാഗ്രഹിക്കുന്നവർക്ക് കേരള ഫീഡ്സിന്റെ സംരംഭക സഹായ സെല്ല് വഴി വിദഗ്ധോപദേശം നൽകാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഫീഡ്സിന്റെ കാലിത്തീറ്റ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം പശുക്കളുടെ പ്രത്യുത്പാദന ശേഷി 90 ശതമാനമെത്തിയിട്ടുണ്ടെന്ന് ജയറാം സാക്ഷ്യപ്പെടുത്തി. പെരുമ്പാവൂരിലെ തോട്ടുവയിലുള്ള ജയറാമിൻറെ ആനന്ദ് ഫാംസിൽ 70 ഓളം പശുക്കളാണുള്ളത്. മുത്തശ്ശി ആനന്ദവല്ലിയമ്മാളുടെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയത്. പ്രതിദിനം ഫാമിൽ ഉത്പാദിപ്പിക്കുന്ന 300 ഓളം ലിറ്റർ പാൽ ആവശ്യക്കാർക്ക് നേരിട്ടും സമീപത്തുള്ള പാൽസൊസൈറ്റിയിലുമാണ് നൽകുന്നതെന്ന് ജയറാം പറഞ്ഞു.
20 മുതൽ 30 ശതമാനം വരെ ലാഭം തരുന്നതാണ് പശുവളർത്തലെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. ഈ രംഗത്തേക്ക് യുവാക്കൾ കൂടുതലായി കടന്നു വരണം. നവ സംരംഭങ്ങൾക്ക് എല്ലാ വിധ പ്രോത്സാഹനവും കേരള ഫീഡ്സിൻറെ സംരംഭക സെൽ വഴി നൽകും. പശുവിൻറെ ഇനവും പാലുൽപ്പാദനവും അടിസ്ഥാനമാക്കി വൈവിധ്യമാർന്ന കാലിത്തീറ്റ കേരള ഫീഡ്സ് ഉത്പാദിപ്പിക്കന്നുണ്ട്. അത്യുൽപാദന ശേഷിയുള്ള ഇളം കറവയുള്ള പശുക്കൾക്കായി ഡയറി റിച്ച് പ്ലസ് എന്ന കാലിത്തീറ്റ ജനുവരി മാസം മുഖ്യമന്ത്രി വിപണിയിലിറക്കിയിരുന്നു. ബൈപ്പാസ് പ്രോട്ടീൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഈ കാലിത്തീറ്റയിൽ ഉയർന്ന പാലുത്പാദനത്തിനാവശ്യമായ കീലേറ്റസ് ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്നു. കേരളത്തിലെ കാലി കർഷകർക്കാവശ്യമായ തീറ്റ മുഴുവൻ കേരള ഫീഡ്സ് ഉല്പാദിപ്പിക്കുമെന്നും ഇതു വഴി രണ്ട് വർഷത്തിനുള്ളിൽ കാലിത്തീറ്റ വിപണിയുടെ പകുതി കേരള ഫീഡ്സ് സ്വന്തമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
English Summary; actor jayaram Kerala feeds brand ambassador
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.