സിനിമാ സെറ്റിലെ ലഹരി ഉപയോഗം; മഹേഷിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു

Web Desk
Posted on December 06, 2019, 4:07 pm

ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊപ്പം മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കിയ ആരോപണമായിരുന്നു പുതുതലമുറയിലെ താരങ്ങളുടെ ലഹരി ഉപയോഗം. സിനിമാ സെറ്റിൽ വെച്ചും അല്ലാതെയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നു എന്നുള്ള വാർത്തകൾ അണിയറ പ്രവർത്തകരും മറ്റുള്ളവരും പറഞ്ഞ് നമ്മൾ അറിഞ്ഞും കഴിഞ്ഞു. പലരും ഇതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ — സിനിമാ നടൻ മഹേഷ്.

മലയാള സിനിമയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെന്നാണ് മഹേഷ് പറയുന്നത്. എന്നാൽ, എല്ലാവരും അങ്ങനെയല്ലെന്നും ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും ആ രീതിയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരല്ലെന്നും മഹേഷ് വ്യക്തമാക്കി. ‘ഇപ്പോഴത്തെ ചില യുവനടന്മാരുടെ ലൊക്കേഷനില്‍ ചെന്ന് അബദ്ധത്തിൽ മേക്കപ്പ് ചെയ്യാനോ എന്തിനെങ്കിലും കാരവനില്‍ കയറിയാല്‍ ഇതിന്റെ മണമാണ് കിട്ടുന്നതെന്നും നമ്മള്‍ വലിച്ചതിന് തുല്യമായിട്ടാണ് നമ്മൾ കാരവാനിന് പുറത്തേയ്ക്ക് വരികയെന്നും മഹേഷ് പറയുന്നു. കൊച്ചിയിൽ മലയാള സിനിമയുടെ നിയന്ത്രണം ലഹരി മാഫിയയ്ക്ക് ആണോ എന്ന് അറിയില്ലാ എന്നും എന്നാൽ പത്ത് ശതമാനത്തോളം യുവ നടന്മാരുടെ ഇടയിൽ ലഹരി ഉപയോഗം ഉണ്ടെന്നും മഹേഷ് തറപ്പിച്ച് പറഞ്ഞു.

അബി ഒരു കുഴപ്പക്കാരന്‍ അല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഷെയ്ൻ നിഗം ഒരു കുഴപ്പക്കാരനാണെന്ന് കരുതുന്നില്ലെന്നും ഒരുപക്ഷേ പ്രായത്തിന്റേതായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നും മഹേഷ് പറഞ്ഞു. ഒരു പക്ഷേ, അവന്റെ കൊച്ചി ഭാഷയുടെ ശൈലീ പ്രശ്നം കേൾക്കുന്നവർക്ക് അത്ര സുഖകരമായി തോന്നുകയില്ലെന്നും മഹേഷ് ചൂണ്ടിക്കാട്ടി. ഷെയ്ന്‍ കുട്ടിയാണോ അല്ലയോ എന്നതല്ല ഇവിടെ വിഷയമെന്നും അദ്ദേഹം ചെയ്യുന്നത് ഒരു പ്രൊഫഷണല്‍ ജോലിയാണെന്നും അതിന്റെ എത്തിക്സ് പാലിക്കേണ്ടതുണ്ടെന്നും മഹേഷ് വ്യക്തമാക്കി.

you may also like this video;