June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ജനയുഗം BIG IMPACT: ഒടുവിൽ നടൻ മണിയ്ക്ക് റേഷൻ കാർഡ്, Video

By Janayugom Webdesk
December 9, 2019

ബാല താരമായി സിനിമയിലെത്തിയ വയനാട്ടിലെ ആദിവാസി ബാലൻ മണിയെ എല്ലാവർക്കും അറിയാം. ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവാണ്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്ന മണി ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ഉടലാഴം എന്ന സിനിമയുടെ നായകനാണ്. പുതിയ നാല് സിനിമക്ക് ഓഫർ ലഭിച്ച നവാഗത നടനാണ്.

എന്നാൽ തനിക്കും കുടുംബത്തിനും സ്വന്തമായി റേഷൻ കാർഡില്ല എന്ന കാര്യം മണി ജനയുഗത്തോട് പറഞ്ഞിരുന്നു. ഇന്നത്തെ (9 ഡിസംബർ 2019) ജനയുഗം ദിനപ്പത്രം ആ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആ വാർത്ത ഒടുവിൽ മണിയ്ക്ക് തുണയാവുകയാണ്. മണിയ്ക്കുള്ള റേഷൻ കാർഡ് ഇന്ന് നൽകി. സുൽത്താൻ ബത്തേരി സപ്ലെ ഓഫീസിൽ വച്ച് സപ്ലെകോ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റേഷൻ കാർഡ് കൈമാറിയത്.

രാവിലെ ജനയുഗം വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടുകയും സപ്ലൈകോ അധികൃതർക്ക് നിർദ്ദേശം നൽകുകയും ആയിരുന്നു. തുടർന്ന് ജില്ലാ സപ്ലൈ ഉദ്യോഗസ്ഥർ മണിയെ ഫോണിൽ ബന്ധപ്പെട്ട് റേഷൻ കാർഡ് സ്വീകരിക്കാൻ ഓഫീസിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തനിക്ക് റേഷൻ കാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മണി ജനയുഗത്തോട് പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി തവണ റേഷൻ കാർഡിന് അപേക്ഷ നൽകിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നേരത്തെ മണി ജനയുഗത്തോട് പറഞ്ഞിരുന്നു.

മണി താമസിക്കുന്ന വയനാട് ബത്തേരി ചെതലയം പൂവഞ്ചി കോളനിയിലെ തറവാട് വീട്ടിലുൾപ്പെടെ എട്ടോളം കുടുംബങ്ങൾക്കും റേഷൻ കാർഡില്ല. കാർഡ് നിഷേധിക്കുന്ന കാരണം കോളനിവാസികൾക്കും തനിക്കും അറിയില്ല. റോഡും, വീടുമെല്ലാം ഉണ്ടങ്കിലും റേഷൻ കാർഡില്ലാത്തതിനാൽ റേഷനരിയില്ല. വലിയ വില നൽകിയാണ് ടൗണിലെ കടകളിൽ നിന്ന് അരി വാങ്ങുന്നത്. ചെതലയത്തെ വനത്തോട് ചേർന്നാണ് പൂവഞ്ചി പണിയ കോളനി. ഈ ആവശ്യത്തിന് ഇനിയാരെയും സമീപിക്കാൻ ബാക്കിയില്ലന്ന് മണി പറഞ്ഞു. ഇനിയെങ്കിലും അധികാരികൾ തങ്ങൾക്ക് അവകാശപ്പെട്ട റേഷൻ കാർഡ് അനുവദിച്ച് തരണമെന്നാണ് കോളനിക്കാർക്ക് വേണ്ടി മണിയുടെ ആവശ്യം. മണി നായകനായി അഭിനയിച്ച ഉടലാഴം എന്ന സിനിമ ഹിറ്റായി ഓടുന്നതിനിടെ സിനിമാ വിശേഷങ്ങളറിയാൻ നിരവധി ആളുകളാണ് കോളനിയിലെത്തുന്നത്.

മോഹൻലാലിനൊപ്പം അഭിനയിച്ച ഫോട്ടോ ഗ്രാഫർ എന്ന സിനിമയിലൂടെയാണ് മണി സിനിമാരംഗത്തേക്ക് വരുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ബാല താരത്തിനുള്ള അവാർഡ് ലഭിച്ചു. പിന്നീട് സിനിമയുമായി അകന്നു കഴിഞ്ഞ മണി കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിലെ കൂലിപ്പണിക്കിടയിൽ നിന്നാണ് ഉടലാഴത്തിന്റെ നായകനായെത്തുന്നത്. രാജുവിന്റെയും നഞ്ചിയുടെയും മകനായ മണി ഭാര്യ പവിഴം മക്കളായ മനീഷ, അനഘ, മീനുക്കുട്ടി എന്നിവർക്കും മുത്തശ്ശിക്കും ഒപ്പമാണ് പൂവഞ്ചി കോളനിയിൽ താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.