Web Desk

തിരുവനന്തപുരം

October 12, 2021, 8:45 am

മഹാനടന് ആദരമര്‍പ്പിച്ച് കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ

Janayugom Online

അന്തരിച്ച സിനിമാ താരം നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.ഉദരസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. വട്ടിയൂർക്കാവ് തിട്ടമംഗലത്തെ നെടുമുടി വേണുവിന്റെ വസതിയിലുള്ള ഭൗതികദേഹം ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്കു ശേഷം രണ്ടു മണിയോടെ സർക്കാരിന്റെ എല്ലാ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും എത്തിയിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപക ദമ്പതികളായ പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22 നാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവിന്റെ ജനനം. കൊട്ടാരം എൻഎസ്‌ യുപി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി വേണു ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. തുടർന്ന് മലയാളത്തിലെ തിരക്കേറിയ സഹനടനായി മാറിയ നെടുമുടി വേണു മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു. 

കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കാലത്ത് എഐഎസ്എഫ് പ്രവര്‍ത്തകനായിരുന്നു. സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യവും നാടകങ്ങളിൽ സജീവവുമായിരുന്ന നെടുമുടി വേണു, കാവാലം നാരായണപ്പണിക്കരുടെ സോപാനത്തിൽ എത്തിയതോടെ പ്രവർത്തനമേഖല തിരുവനന്തപുരത്തേക്കു മാറ്റി. തുടർന്ന് ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായുള്ള ബന്ധം അദ്ദേഹത്തെ ചലച്ചിത്ര ലോകത്തേക്ക് അടുപ്പിച്ചു. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. 1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചു. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. 

മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന് 1981 (വിടപറയും മുൻപെ), 1987 (മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), 2003 (മാർഗം) അർഹനായി. മികച്ച സഹനടനായി 1980 (ചാമരം), 1994 (തേന്മാവിൻ കൊമ്പത്ത്) തിരഞ്ഞെടുത്തു. 1990 ൽ ഭരതത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചു. മാർഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: സുശീല. മക്കൾ: ഉണ്ണി, കണ്ണൻ.
eng­lish summary;Actor Nedu­mu­di Venu Funer­al On Today
you may also like this video;