September 26, 2022 Monday

Related news

September 21, 2022
September 14, 2022
September 14, 2022
September 13, 2022
September 12, 2022
September 11, 2022
September 10, 2022
September 4, 2022
September 4, 2022
September 3, 2022

നടന്‍ നെടുമുടി വേണു അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 11, 2021 1:44 pm

മലയാളത്തിലെ അഭിനയപ്രതിഭ നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഇന്നലെ രാത്രി മുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. 

തിരക്കഥാകൃത്തും നിര്‍മ്മാതാവുമായി തിളങ്ങിയ അദ്ദേഹം നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും സ്വഭാവനടനും വില്ലനായും തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. 

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം.നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച. അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി. 

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.

വിടപറയും മുന്‍പേ, തേനും വയമ്ബും, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

1990 ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2003 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1980,1981,1987,1990 ‚1994 2003 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : Actor Nedu­mudy Venu passed away

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.