Web Desk

കൊച്ചി

June 05, 2020, 6:43 pm

രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ്; പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി

Janayugom Online

ജോര്‍ദ്ദാനില്‍ സിനിമാ ചിത്രീകരണത്തിന് പോയി മടങ്ങിയെത്തിയ സിനിമാതാരം പൃഥ്വിരാജിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആദ്യ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ഇതോടെ ക്വാറന്റൈനില്‍ കഴിഞ്ഞ പൃഥ്വിരാജ് വീട്ടിലേയ്ക്ക് മങ്ങി.

നേരത്തെ കൊച്ചിയില്‍ മടങ്ങിയെത്തിയ പൃഥ്വിരാജ് ഉള്‍പ്പെട്ട സംഘത്തിലെ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരികരിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. ഇതോടെ രണ്ടാമത്തെ പരിശോധന ഏറെ നിര്‍ണായകമായിരുന്നു. ഇതിന്റെ ഫലവും നെഗറ്റീവായതോടെയാണ് ആശങ്കകള്‍ക്ക് വിരാമമിട്ട് താരം വീട്ടിലേക്ക് മടങ്ങിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആട്ജീവിതത്തിന്റെ ചിത്രികരണത്തിനാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ജോര്‍ദ്ദാനിലേയ്ക്ക് പോയത്.

ഇതിന് പിന്നാലെ കോവിഡ് ലോകമെമ്പാടും പടര്‍ന്ന് പിടിച്ചതോടെ സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് മെയ് 22നാണ് പ്രത്യേകവിമാനത്തില്‍ പൃഥ്വിരാജും സംഘവും കൊച്ചിയിലത്തിയത്. നാട്ടിലെത്തി 14 ദിവസങ്ങള്‍ക്കിടയില്‍ നടത്തിയ രണ്ട് ടെസ്റ്റും നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് താരം. ആദ്യടെസ്റ്റ് നെഗറ്റീവായതിന്റെ വിവരം പൃഥ്വിരാജ് തന്നെ സോഷ്യല്‍മീഡിയ വഴി അറിയിക്കുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലായിരുന്നു പൃഥ്വിരാജ് കഴിഞ്ഞത്.

ഇന്‍സ്റ്റിറ്റിയുൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് താന്‍ അടുത്ത ഘട്ട ക്വാറന്റൈനിലേക്ക് പോകുന്ന കാര്യവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സംവിധായകന്‍ ബ്ലസി തിരുവല്ലയിലെ വീട്ടില്‍ ക്വാറന്റൈനിലാണ്.

Eng­lish Sum­ma­ry: actor prithvi­ra­j’s sec­ond covid result is negative

You may also like this video