പ്രശസ്ത സിനിമ നടന്‍ ശശി കലിംഗ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുന്ദമംഗലം പിലാശ്ശേരി യിലെ വീട്ടുവളപ്പിൽ നടക്കും.
വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ശശി ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിൽ അഭിനയിച്ചു. ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തു നൽകുന്നത്.
പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.
പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, വെള്ളിമൂങ്ങ, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻ റുപ്പി എന്നിവയാണ് പ്രധാന സിനിമകൾ. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.
ചന്ദ്രശേഖരൻ നായരും സുകുമാരിയുമാണ് മാതാപിതാക്കൾ. ഭാര്യ പ്രഭാവതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.