‘ലാലേട്ടനോടുള്ള ആരാധനയ്ക്ക് നിന്നേക്കാള്‍ പഴക്കമുണ്ട്, നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ’; ആരാധകന് ഷൈന്‍ ടോം ചാക്കോയുടെ കിടിലന്‍ മറുപടി

Web Desk
Posted on April 14, 2019, 6:15 pm

പരിധികള്‍ ലംഘിച്ചുള്ള സൂപ്പര്‍താരങ്ങളോടുള്ള ആരാധന പലപ്പോഴും പല പ്രശ്നങ്ങള്‍ക്കും ഇടയാക്കാറുണ്ട്. പ്രത്യേകിച്ച്, സൂപ്പര്‍താരങ്ങളുടെ ചിത്രം പുറത്തിറങ്ങുമ്പോള്‍ സിനിമയെ ചൊല്ലിയുള്ള ആരാധകരുടെ വാക്പോരുകളാണ്. ഇക്കാര്യത്തില്‍ മലയാളത്തില്‍ മുന്‍പന്തിയില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകരാണ്. മോഹന്‍ലാലിന്‍റെ ലൂസിഫര്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും മമ്മൂട്ടി ചിത്രം മധുരരാജ ഇറങ്ങിയത് മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകരുടെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണിപ്പോള്‍.

യുവതാരം ഷൈന്‍ ടോം ചാക്കോ മധുരരാജയായി എത്തിയ മമ്മൂട്ടിയുടെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന്, ഷൈന്‍ ടോം ചാക്കോയ്ക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ചു. ആ ആരാധകന് ഷൈന്‍ നല്‍കിയ കലക്കന്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകന്‍ അയച്ച മെസേജിന്‍റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്താണ് ഷൈന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്.

പ്രിയപ്പെട്ട സുഹൃത്തേ എന്ന് തുടങ്ങുന്ന എഫ്ബി പോസ്റ്റില്‍, ഞാന്‍ ചെറുപ്പം മുതല്‍ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണെന്നും ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല, ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുവാന്‍ തുടങ്ങിയതും ഇന്നും ഇന്നലെയും അല്ല ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ടെന്ന് ഷൈന്‍ പറയുന്നു.

മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്, ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു, പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണേലും ചെയ്യാം അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ എന്നാണ് ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം… ഞാൻ ചെറുപ്പം മുതൽക്കേ തന്നെ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ ആണ്…ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല…നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ…നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്… ഞാൻ ലാലേട്ടനെ ആരാധിക്കാൻ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല… ആ സ്നേഹത്തിനു നിന്നെക്കാൾ പഴക്കമുണ്ട്…അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്…ഞാൻ ഒന്നിൽ കൂടുതൽ സിനിമകൾ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്…അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്…ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു…അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും…ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും…പിന്നെ എന്റെ സിനിമകൾ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം…അതിനെ നിനക്കു വിമർശിക്കാം എന്തു വേണോ ചെയ്യാം… അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാൻ വരല്ലേ…