Friday
06 Dec 2019

ജനാധിപത്യ വിരുദ്ധം ; കശ്മീര്‍ വിഷയത്തില്‍ മോഡിക്കെതിരെ വിജയ് സേതുപതി

By: Web Desk | Tuesday 13 August 2019 11:42 AM IST


ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി.
കശ്മീരികളുടെ അഭിപ്രായം മാനിക്കാതെയുള്ള കടുത്ത തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് എസ്ബിഎസ് തമിള്‍ ഓസ്‌ട്രേലിയക്ക് നല്‍കിയ റേഡിയോ അഭിമുഖത്തില്‍ മക്കള്‍ സെല്‍വന്‍ പറഞ്ഞു. പെരിയോര്‍ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരിന്നു വിജയ് സേതുപതിയുടെ വാക്കുകള്‍.
നിങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന  വീട്ടില്‍ എനിക്ക് ഇടപെടാന്‍ കഴിയുമോ? എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാന്‍ കഴിയും. പക്ഷേ എന്റെ തീരുമാനം നിങ്ങളില്‍ അടിച്ചേല്‍പിക്കാനാകില്ല. ഇത് രണ്ടും രണ്ടുകാര്യങ്ങളാണെന്ന് സൂപ്പര്‍താരം പറഞ്ഞു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി മെല്‍ബണിലാണ് താരം.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായേയും പ്രകീര്‍ത്തിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രംഗത്തുവന്നതിന് പിന്നാലെയാണ് വിജയ് സേതുപതിയുടെ പ്രതികരണം. മോഡിയും അമിത്ഷായും അര്‍ജുനനെയും കൃഷ്ണനെയും പോലെയാണെന്ന് ആയിരുന്നു രജനികാന്ത് പറഞ്ഞത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു രജനികാന്തിന്റെ പരാമര്‍ശം. എന്നാല്‍ രജനികാന്ത് മഹാഭാരതം ഒരിക്കല്‍കൂടി വായിക്കുന്നത് നല്ലതായിരിക്കുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ കെ എസ് അഴഗിരി അഭിപ്രായപ്പെട്ടു.

Related News