ആംബുലന്‍സ് ലഭിച്ചില്ല; പ്രസവത്തെത്തുടര്‍ന്ന് നടിയും നവജാതശിശുവും മരിച്ചു

Web Desk
Posted on October 22, 2019, 10:46 am

മുംബൈ: മഹാരാഷ്ട്രയില്‍ പ്രസവത്തെത്തുടര്‍ന്ന് നടിയും നവജാത ശിശുവും മരിച്ചു. മറാത്തി നടി പൂജ സുന്‍ജാറും കുട്ടിയുമാണ് മരിച്ചത്.
സമയത്തിന് ആമ്പുലന്‍സ് ലഭ്യമാകാത്തത്തിനെത്തുടര്‍ന്ന് ആശുപത്രിയിലെത്താന്‍ വൈകിയതാണ് മരണകാരണം. പ്രസവത്തിന് പിന്നാലെ നവജാതശിശുവും മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലായിരുന്നു സംഭവം.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഗൊറേഗാവിലെ പ്രാഥമികശുശ്രൂഷാ കേന്ദ്രത്തില്‍ പൂജയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പൂജയെ ഉടനെ ഹിംഗോലിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ 40 കി.മീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് പൂജയെ എത്തിക്കാന്‍ ആംബുലന്‍സ് തേടിയെങ്കിലും ബന്ധുക്കള്‍ നിരാശരായി. സ്വകാര്യ ആംബുലന്‍സ് സംഘടിപ്പിച്ചെത്തിയപ്പോഴേക്കും കുട്ടി മരിക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
സിനിമകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന നടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് അഭിനയത്തില്‍നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയായിരുന്നു.