Web Desk

January 04, 2020, 10:54 am

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

Janayugom Online

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹർജിയില്‍ വിചാരണ കോടതിയാണ് വിധി പറയുന്നത്. 11 മണിയോടു കൂടി കൊച്ചിയിലെ വിചാരണ കോടതി വിധി പറയും. വിചാരണ ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികള്‍ക്കിടെയാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്ന് ദിലീപിന്‍റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് വാദം നടന്നത്. പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേ ടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെ ഒഴിവാക്കിയാൽ കേസിനെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്നത്.ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത് പോവരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

you may also like this video

Eng­lish sum­ma­ry: actress assault case ver­dict on dileep dis­charge petition