ദിലീപിനെതിരെ നടി സുപ്രീംകോടതിയില്‍

Web Desk
Posted on September 16, 2019, 4:49 pm

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവ്. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രിം കോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മുദ്രവച്ച കവറില്‍ തെളിവുകളും സുപ്രീംകോടതി രജിസ്ട്രിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ഉണ്ട്. സ്വകാര്യ മാനിക്കണമെന്നും ഹര്‍ജിയില്‍ നടി ആവശ്യപ്പെട്ടു.

മുതിര്‍ന്ന അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥയായ ബി സന്ധ്യ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.