നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് തുടങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ സാക്ഷിവിസ്താരമാണ് ഇന്ന് നടക്കുക. വിചാരണ നടപടികൾക്ക് തടസമില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും അത്തരത്തിലൊരു കേസില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
വിചാരണ കോടതി കുറ്റം ചുമത്തിയപ്പോൾ സംഭവിച്ച പിഴവാണിതെന്നും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള കുറ്റപത്രത്തിൽ ഇക്കാര്യമില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന ഭാഗം മാറ്റാൻ തയ്യാറാണെന്നും ഇതിനായി ഇന്ന് പ്രത്യേക അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ ഒന്നാം പ്രതി സുനിൽകുമാർ(പൾസർ സുനി) ഉൾപ്പെടെ പത്ത് പ്രതികളും 300 സാക്ഷികളുമാണുള്ളത്.
ഹൈക്കോടതി നിർദേശ പ്രകാരം എറണാകുളത്തെ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുക. കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയിലാണ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ യുവനടിയെ ആക്രമിച്ച് കാറിൽ കടത്തിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്.