ലഹരി പരിശോധനയ്ക്കായി നൽകിയ മൂത്രസാമ്പിളിൽ വെള്ളം ചേർത്ത് നടി രാഗിണി ദ്വിവേദി

Web Desk

ബെംഗളൂരു

Posted on September 13, 2020, 3:03 pm

ലഹരി പരിശോധനയ്ക്കായി നൽകിയ മൂത്രസാമ്പിളിൽ വെള്ളം ചേർത്ത് നടി രാഗിണി ദ്വിവേദി. കൃത്രിമം കയ്യോടെ കണ്ടെത്തി ഡോക്ടർ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ രാഗിണിയെ പരിശോധനക്കായി എത്തിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളിലായി നടി ലഹരി മരുന്ന് ഉപയോഗിച്ചോ എന്ന് അറിയുന്നതിനായാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

ഇതിനായി നൽകിയ മൂത്രസാമ്പിളിലാണ് രാഗിണി വെള്ളം ചേർത്തത്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ മൂത്രത്തിലെ ഊഷ്മാവ് ശരീരോഷ്മാവിന് തുല്യമാകും എന്നാൽ നടിയുടെ തട്ടിപ്പ് മനസിലാക്കിയ ഡോക്ടർ വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് നടിയോട് വീണ്ടും സാമ്പിളുകൾ നൽകാൻ ആവശ്യപ്പെട്ടു. ഇതിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. മജിസ്ട്രേറ്റിനു മുന്നിൽ നടിയെ ഹാജരാക്കിയപ്പോൾ ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചു. മൂന്നു ദിവസത്തേക്കു കൂടി നടിയെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. കന്നഡ ഡ്രഗ് റാക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ പ്രമുഖ താരമാണ് രാഗിണി ദ്വിവേദി. ലഹരിമരുന്ന് കേസിൽ ഇവരുടെ സുഹൃത്ത് രവി ശങ്കർ അറസ്റ്റിലായതോടെയാണ് നടിക്കും കുരുക്ക് വീണത്. കർണാടക ആർടിസി ഉദ്യോഗസ്ഥനായ ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കുറ്റക്കാരായി കണ്ടെത്തുന്നവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ലഹരി ഉപയോഗം തുടച്ചു നീക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നുമാണ് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്. രാഗിണിയും സുഹൃത്തും മുൻപ് ചില പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 20 ന് നവി മുംബൈയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി 3000 എംഡിഎംഎ ഗുളികകൾ പിടിച്ചെടുത്തിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സെലിബ്രിറ്റികൾക്ക് ലഹരി മരുന്നുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നത്.

you may also like this video