Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ആലപ്പുഴ

June 02, 2021, 11:46 am

ആ വിഡിയോ കണ്ടാൽ അത് ഞാനല്ലെന്ന് ആരും പറയില്ല; പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി നടി രമ്യ സുരേഷ്

Janayugom Online

സമൂഹമാധ്യമങ്ങളിലൂടെ തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കേസ് കൊടുത്ത് നടി രമ്യ സുരേഷ്. രമ്യ സുരേഷിന്റെ മുഖത്തോട് സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ആലപ്പുഴ സൈബര്‍ സെല്ലില്‍ നടി പരാതി നല്‍കി. സംഭവത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് രമ്യ തന്നെ രംഗത്ത് വരുകയും ചെയ്തിരുന്നു. ഞാൻ പ്രകാശൻ, നിഴല്‍, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് രമ്യ സുരേഷ്.

രമ്യ സുരേഷിന്റെ വാക്കുകള്‍: 

ഞാൻ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകൾ ചെയ്തു വരുകയാണ്. ഇപ്പോൾ ഇങ്ങനെയൊരു വിഡിയോ ഇടാൻ കാരണം ഞാൻ എന്നെപറ്റി തന്നെ കണ്ടൊരു വിഡിയോയുടെ അടിസ്ഥാനത്തിലാണ്. എന്നെ പരിചയമുള്ള ഒരാൾ ആണ് രാവിലെ ഈ വിഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വിഡിയോയും അയച്ചു തന്നു. എന്റെ ഫെയ്സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വിഡിയോസുമാണ് അതിൽ ഉണ്ടായിരുന്നത്. 

ആ കുട്ടിയുടെ ഫോട്ടോ കണ്ടാൽ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടിൽ തന്നെയുള്ള പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം തിരക്കി. ആലപ്പുഴ എസ്പി ഓഫിസിൽ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാൻ പറഞ്ഞു. ഉച്ചയ്ക്ക് ഒരു വകപോലും കഴിക്കാതെ അപ്പോൾ തന്നെ എസ്പി ഓഫിസിൽ പോയി പരാതി കൊടുത്തു. 

ഇതുപോലുള്ള അമ്പത്തിയാറാമത്തെ കേസ് ആയിരുന്നു അന്ന് എന്റേത്. കേസ് ഉടൻ ഫയൽ ചെയ്തു. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്നും അവർ അറിയിച്ചു. നമുക്ക് ധൈര്യവും സമാധാനവും നൽകുന്ന വാക്കുകളാണ് സൈബർസെല്ലിലെ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്. 

പക്ഷേ, ഈ വിഡിയോ എത്രത്തോളം പേർ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവർ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാർഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവർക്കും ഇല്ലെ കുടുംബം. നമ്മുടേതല്ലാത്തൊരു വിഡിയോ എടുത്ത് സാമ്യം തോന്നിയതിന്റെ പേരിൽ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം കൊണ്ടാണ്. 

സത്യത്തിൽ ‍ഞാനിപ്പോൾ തകർന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂർണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്. അല്ലെങ്കിൽ ഒരു ചെറിയ കാര്യത്തിൽ വിഷമം വരുന്ന ആളാണ് ഞാൻ. സിനിമയിൽ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വിഡിയോ വൈറലായപ്പോൾ തകർന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച് ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭർത്താവ് ഗൾഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. 

ഈ വിഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകൾ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ. എന്റെ ജീവിതാവസാനം വരെ സിനിമയിൽ നിന്നോളാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല. സിനിമ ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല. സിനിമയിൽ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാൻ ജീവിക്കുന്നതും. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള വ്യക്തി അല്ല ഞാൻ. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയയ്ക്കും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവർ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാൻ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. 

കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. ആ വിഡിയോ കണ്ടാൽ അത് ഞാനല്ലെന്ന് ആരും പറയില്ല. ആ ഫോട്ടോയിൽ
കാണുന്നത് ഞാനാണ്. പക്ഷേ ആ വിഡിയോയിലെ കുട്ടിയുമായുള്ള സാമ്യമാണ് വിനയായത്. പൊലീസുകാര്‍ പോലും അത് തന്നെയാണ് പറഞ്ഞത്. ഇത് ചെയ്ത വ്യക്തിക്ക് അറിയാം അത് ഞാനല്ലെന്ന്. പക്ഷേ കണ്ടു കഴിഞ്ഞാൽ ആരും ഒന്ന് മറിച്ച് ചിന്തിക്കില്ല. ഞാൻ എന്റെ അമ്മയെ കാണിച്ചപ്പോൾ അമ്മ തന്നെ ഞെട്ടിപ്പോയി. എന്നെ വിശ്വസിക്കുന്ന എന്നെ സ്നേഹിക്കുന്ന ആളുകൾ അറിയാന്‍ വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ട്. കേസ് തെളിയും എന്നു തന്നെയാണ് വിശ്വാസം. ദയവായി ഇനിയും എന്റെ പേരിൽ ഇത് പ്രചരിക്കരുത്. അത്രയും തകർന്നൊരു മനസുമായാണ് ഞാൻ നിൽക്കുന്നത്.’–രമ്യ സുരേഷ് പറഞ്ഞു.

Eng­lish Sum­ma­ry : Actress Remya Suresh filed case against video in social media

You may also like this video :