Web Desk

കൊച്ചി:

February 09, 2021, 6:05 pm

മുൻകൂർ ജാമ്യാപേക്ഷയുമായി നടി സണ്ണി ലിയോൺ

Janayugom Online

വഞ്ചനാക്കുറ്റത്തിന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നടി സണ്ണി ലിയോൺ. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കഴിഞ്ഞ ദിവസം സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംഘാടകരുടെ പിഴവു മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നും താൻ നിരപരാധിയാണെന്നും ചൂണ്ടികാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സംഘാടകർ പലതവണ പരിപാടി മാറ്റിവെച്ചു. പിന്നീട് ബഹ്റൈനിൽ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019‑ലെ പ്രണയദിനത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും കരാർ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നൽകാൻ സംഘാടകർ തയ്യാറായില്ല. ഇതാണ് പരിപാടി നടക്കാതിരിക്കാൻ കാരണമെന്നും വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നുമാണ് നടിയുടെ വാദം.

പെരുമ്പാവൂർ സ്വദേശി ഷിയാസിൻറെ പരാതിയിലായിരുന്നു ചോദ്യം ചെയ്യൽ. 2016 മുതൽ വിവിധ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാമെന്നു പറഞ്ഞു 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. താൻ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നാണ് സണ്ണി ലിയോണി ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. അഞ്ചു തവണ ഡേറ്റ് നൽകിയിട്ടും സംഘാടകന് പ്രോഗ്രാം നടത്താനായില്ല. എപ്പോൾ ആവശ്യപ്പെട്ടാലും ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു നടിയുടെ മൊഴി.

പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈബ്രാഞ്ച് സംഘം കൊച്ചിയിൽ നടിയെ ചോദ്യം ചെയ്തത്. ക്രൈബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡിവൈഎസ്പി ഇമ്മാനുവൽ പോളിൻറെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്. അവധി ആഘോഷിക്കാനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സണ്ണി ലിയോണി കേരളത്തിലുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ചോദ്യം ചെയ്യൽ.

ENGLISH SUMMARY: Actress Sun­ny Leone with antic­i­pa­to­ry bail

YOU MAY ALSO LIKE THIS VIDEO