Web Desk

ന്യൂഡൽഹി:

January 16, 2021, 9:07 pm

ആറ് വിമാനത്താവളങ്ങളും അഡാനി സ്വന്തമാക്കിയത് ചട്ടങ്ങള്‍ മറികടന്ന്; ലേലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒത്തുകളിച്ചു

Janayugom Online

രാജ്യത്തെ വിമാനത്താവളങ്ങൾ അഡാനി ലേലത്തില്‍ സ്വന്തമാക്കിയത് നിതി ആയോഗിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും ചട്ടങ്ങൾ മറികടന്നെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളങ്ങൾ സ്വകാര്യവല്കരിക്കുന്നതിന്റെ ലേലത്തിൽ അഡാനി ഗ്രൂപ്പ് വിജയിക്കുന്നതിനായി കേന്ദ്രസർക്കാർ ഒത്തുകളിച്ചുവെന്നും ഇന്ത്യന്‍ എക്സപ്രസിനെ ഉദ്ധരിച്ച് സക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നടപടി നേരത്തെ തന്നെ കേന്ദ്രം ആരംഭിച്ചുകഴിഞ്ഞിരുന്നു. 2019ഓടെ കേരളത്തിലെ തിരുവനന്തപുരത്തെ ഉൾപ്പടെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവല്കരിക്കപ്പെടുകയും ചെയ്തു. ഇത് പ്രകാരം 50 വർഷത്തേക്ക് അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂർ, മംഗളൂരു, ഗുവാഹത്തി, തിരുവനന്തപുരം തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങള്‍ അഡാനി ഗ്രൂപ്പിന് നോക്കി നടത്താം. 

രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവല്കരിക്കുന്നതുമായി ബന്ധപ്പെട്ട് 2018 ഡിസംബർ 11ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പൊതു-സ്വകാര്യ പങ്കാളിത്ത (പബ്ലിക് പ്രൈവറ്റ് പാർടൺഷിപ്പ്- പിപിപി) നിർണയ സമിതി ചർച്ച ചെയ്തിരുന്നു. പദ്ധതി വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ രണ്ടിൽ കൂടുതൽ വിമാനത്താവളങ്ങൾ ഒരേ ലേലത്തിന് വിട്ടുനൽകരുതെന്ന് സാമ്പത്തികകാര്യവകുപ്പും നിർദ്ദേശിച്ചിരുന്നു. വിമാനത്താവള പദ്ധതികൾ ആറും വളരെ ചെലവേറിയതാണ്. അതിനാൽ രണ്ടിൽ കൂടുതൽ വിമാനത്താവളങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ലെന്നും സമിതി അറിയിച്ചു. സാങ്കേതിക ക്ഷമതയുടെ അഭാവം പ്രോജ്ക്ടിനെ അപകടപ്പെടുത്തിയേക്കാമെന്ന് നിതി ആയോഗും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം മറികടന്നാണ് ലേല ഇടപാട് നടത്തിയത്.

കൂടാതെ ഡിസംബർ പത്തിന് സമർപ്പിച്ച കുറിപ്പ് പിപിപി സമിതി ഒരുതവണ പോലും ചർച്ചയ്ക്കെടുത്തിരുന്നില്ലെന്നും റിപ്പോർട്ടുകൾ വിലയിരുത്തുന്നു.അതിനിടെ മുംബെയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74ശതമാനവും അഡാനി ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. കോവിഡിനെത്തുടർന്ന് ലഖ്നൗ, അഹമ്മദാബാദ്, മംഗളൂരു വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നത് 2020 ഫെബ്രുവരിയിൽ നിന്ന് നവംബറിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം, ഗുവാഹത്തി, ജയ്പൂർ വിമാനത്താവളങ്ങളുടെ ഏറ്റെടുക്കൽ സെപ്റ്റംബറിലും നടന്നു. ഇതിനുപുറമെ വരാനിരിക്കുന്ന നവി മുംബൈ വിമാനത്താവളത്തിന്റെ ഓഹരിയിൽ 74 ശതമാനവും അഡാനിയ്ക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ അഡാനി ഗ്രൂപ്പിനെ വിപുലീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:Adani acquired all six air­ports in vio­la­tion of the rules
You may also like this video