March 21, 2023 Tuesday

ആയിരം കോടിയുടെ കൊട്ടാരം ചുളുവിലയ്ക്ക് അഡാനിക്ക്

Janayugom Webdesk
ന്യൂഡൽഹി
February 22, 2020 10:01 pm

ആയിരം കോടിയിലധികം വിലമതിച്ചിരുന്ന മൂന്നരയേക്കർ സ്ഥലവും അതിലെ കൊട്ടാരവും ചുളുവിലയ്ക്ക് അഡാനി ഗ്രൂപ്പിന്. വെറും 400 കോടി രൂപ ചെലവിലാണ് പാപ്പരത്ത നിയമത്തിന്റെ തണലില്‍ അഡാനി ഈ കൊട്ടാരം സ്വന്തമാക്കിയത്. ഡൽഹിയിൽ സർ എഡ്വിൻ ലൂട്ടിന്‍സ് രൂപകൽപ്പന ചെയ്ത വിഖ്യാതമായ പ്രദേശത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 26 ചതുരശ്ര കിലോമീറ്റർ വരുന്ന ഈ പ്രദേശത്തിന്റെ കേവലം പത്ത് ശതമാനത്തിൽ താഴെ പ്രദേശം മാത്രമേ സ്വകാര്യ ഉടമസ്ഥതയിലുള്ളൂ. ഈ പ്രദേശത്തെ ഏറ്റവും തലയെടുപ്പുള്ള കൊട്ടാരങ്ങളിലൊന്നാണ് അദാനിയുടെ കൈകളിലെത്തിയിരിക്കുന്നത്.

ഭഗവാന്‍ ദാസ് റോഡില്‍ 3.4 ഏക്കറില്‍ 25,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ രണ്ടുനില ബംഗ്ലാവ്. ഏഴ് കിടപ്പുമുറികള്‍, ആറ് ലിവിംഗ് കം ഡൈനിംഗ് റൂമുകള്‍, ഒരു സ്റ്റഡി റൂം എന്നിവയ്ക്കു പുറമേ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനായി 7,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്.
ആദിത്യ എസ്റ്റേറ്റ്സിന്റെ പക്കലാണ് ഈ കെട്ടിടം ഇത്രകാലവും നിലനിന്നത്. ബ്രിട്ടീഷ് ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറിയുടെ കൊളോണിയല്‍ ഓഫീസായിരുന്നു ആദ്യമിത്. മീററ്റ് ഡിവിഷനെ പ്രതിനിധീകരിച്ച് യുണൈറ്റഡ് പ്രവിശ്യാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ലാല സുഖ്ബീര്‍ സിന്‍ഹ 1921 ല്‍ വാങ്ങി. 1985 ല്‍ ആണ് ആദിത്യ എസ്റ്റേറ്റ്സ് ഇത് സ്വന്തമാക്കിയത്.

you may also like this video;


കമ്പനി പാപ്പരായതോടെ ബാങ്കുകൾ നടപടികൾ തുടങ്ങി. പഴയ ഉടമകള്‍ വിലയിട്ടത് ആയിരം കോടി രൂപയായിരുന്നെങ്കിലും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ രേഖകള്‍ പ്രകാരം വസ്തുവിന്റെ വില വെറും 265 കോടി രൂപ മാത്രമായിരുന്നു. രണ്ട് സ്വതന്ത്ര മൂല്യനിര്‍ണ്ണയക്കാര്‍ വഴി മൂല്യം വിലയിരുത്തിയെന്നും യഥാര്‍ത്ഥ വില 306 കോടി രൂപയാണെന്നും എന്‍സിഎല്‍ടി ഉത്തരവില്‍ പറയുന്നു. എന്‍സിഎല്‍ടി വഴി വില്‍പന നടക്കുന്നതിനാല്‍, സ്വാഭാവികമായും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ വില കുറയുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നു.

ഇതോടൊപ്പം ആദിത്യ എസ്റ്റേറ്റ്സിന് വായ്പ നൽകിയ ബാങ്കുകൾ ആവശ്യപ്പെട്ടതു പ്രകാരമുള്ള 5 കോടി രൂപയുടെ പെർഫോമൻസ് ഗാരന്റിയും, 135 കോടി രൂപയുടെ കൺവേർഷൻ ചാർജും അഡാനി നൽകേണ്ടിവരും. ആകെ തുക 400 കോടിയോളം വരും. ഈ വസ്തു വാങ്ങാന്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി ഉള്‍പ്പെടെയുള്ളവരും രംഗത്തുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.