Web Desk

ന്യൂഡൽഹി

February 24, 2020, 9:36 pm

എയർഇന്ത്യയിൽ കണ്ണുനട്ട് അഡാനി

താല്പര്യപത്രം തയ്യാറാക്കുന്നതിനായി പ്രത്യേക ഉപദേശക സമിതിയെ നിയോഗിച്ചു
Janayugom Online

രാജ്യത്തെ ഏറ്റവും പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ തന്റെ കണ്ണിലുണ്ണിയായ ഗൗതം അഡാനിക്ക് മോഡി കാഴ്ചവയ്ക്കുന്നു. എയർ ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പ്രാരംഭ നടപടികളും അഡാനി ഗ്രൂപ്പ് ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. എയർ ഇന്ത്യ സ്വന്തമാക്കുന്നതിന്റെ ആദ്യപടിയായുള്ള താൽപ്പര്യപത്രം തയ്യാറാക്കുന്നതിനായി പ്രത്യേക ഉപദേശക സമിതിയെ അഡാനി ഗ്രൂപ്പ് നിയോഗിച്ചു. എയർ ഇന്ത്യയുടെ ആസ്തി-ബാധ്യതകൾ എന്നിവ സംബന്ധിച്ച വിശദമായ കണക്കുകൾ ലഭിക്കുന്നതിനുള്ള അപേക്ഷ അഡാനി ഗ്രൂപ്പ് വ്യോമയാന മന്ത്രാലയത്തിന് നൽകി. എന്നാൽ കമ്പനിയുടെ ഭാവി പദ്ധതികൾ സംബന്ധിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നാണ് അഡാനി ഗ്രൂപ്പ് അധികൃതർ പറയുന്നത്. 2019ൽ ഇന്ത്യയിലെ ആറ് പ്രധാനപ്പെട്ട എയർപോർട്ടുകൾ അഡാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. അഡാനി എയർപോർട്സ് എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചായിരുന്നു ഈ ഇടപാട്.

അഹമ്മദാബാദ്, ലഖ്നൗ, ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം, മംഗളൂരു എന്നീ എയർപോർട്ടുകളുടെ പരിപാലനവും പ്രവർത്തനവും സംബന്ധിച്ച 50 വർഷത്തെ കരാറാണ് ലഭിച്ചത്. ഈ ആറ് എയർപോർട്ടുകളിലായി കഴിഞ്ഞ സാമ്പത്തിക വർഷം 30 ദശലക്ഷം പേരാണ് യാത്ര ചെയ്തത്. ഈ എയർപോർട്ടുകളുടെ വികസനത്തിനായി 10,000 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട താൽപ്പര്യപത്രം സമർപ്പിക്കുന്നതിനുള്ള തീയതി മാർച്ച് 17നാണ്. ഏണസ്റ്റ് ആന്റ് യങ് എന്ന കമ്പനിയാണ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സർക്കാരിനായി ചുക്കാൻ പിടിക്കുന്നത്. എയർ ഇന്ത്യ വാങ്ങുന്നതിനായി ടാറ്റാ താൽപ്പര്യം പ്രകടിപ്പിക്കുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം പിന്നീട് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നിഷേധിച്ചു.

2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാനായിരുന്നു മോഡി സർക്കാരിന്റെ തീരുമാനം. എന്നാൽ ആരും വാങ്ങാൻ തയ്യാറാകാത്തതുകൊണ്ട് പിന്നീട് 100 ശതമാനം ഓഹരികളും വിൽക്കാനുള്ള തീരുമാനം മോഡി സർക്കാർ കൈക്കൊണ്ടു. ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ 50.6 ശതമാനവും ആശ്രയിക്കുന്നത് എയർ ഇന്ത്യയെയാണ്. 121 വിമാനങ്ങൾ സ്വന്തമായുള്ള എയർ ഇന്ത്യ 98 സ്ഥലങ്ങളിലേയ്ക്കാണ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ 56 ആഭ്യന്തര സ്ഥലങ്ങളിലേയ്ക്കായി 2,712 സർവീസുകളും വിദേശത്തെ 42 സ്ഥലങ്ങളിലേയ്ക്കായി 450 സർവീസുകളുമാണ് നടത്തുന്നത്. 2019 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം 22.1 ദശലക്ഷം യാത്രക്കാരാണ് എയർ ഇന്ത്യയെ ആശ്രയിച്ചത്. ഇതിലൂടെ 2,550 കോടി രൂപയുടെ വരുമാനമുണ്ടായി. 2019 മാർച്ച് 31ലെ കണക്കുകൾ പ്രകാരം എയർ ഇന്ത്യയുടെ മൊത്തം ബാധ്യത 58,283 കോടി രൂപയാണ്.

അഡാനിയുടെ കൈകളിൽ എയർ ഇന്ത്യയെ എത്തിക്കാൻ മോഡി സർക്കാർ പല തന്ത്രങ്ങളും സ്വീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യ വിൽക്കുന്നതിന് തങ്ങൾ എതിരല്ലെന്നും സ്വദേശി കമ്പനി വാങ്ങുന്നതാണ് നല്ലതെന്നും സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താൻ കഴിയുന്ന പരമാവധി തോത് 49 ശതമാനമായി കേന്ദ്ര സർക്കാർ നിജപ്പെടുത്തി. എയർ ഇന്ത്യ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന കമ്പനികളുടെ ആസ്തി 5,000 കോടി രൂപയിൽ നിന്നും 3,500 കോടി രൂപയായി നിജപ്പെടുത്തുകയും ചെയ്തു. ഇതെല്ലം തന്നെ അഡാനിക്കുവേണ്ടിയുള്ള തന്ത്രങ്ങളാണെന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്.

Eng­lish Sum­ma­ry; adani group eyes air India

YOU MAY ALSO LIKE THIS VIDEO