24 April 2024, Wednesday

പടര്‍ന്നുപന്തലിച്ച അവിശുദ്ധ കൂട്ടുകെട്ട്

Janayugom Webdesk
February 12, 2023 5:00 am

അഡാനി ഗ്രൂപ്പ് ഓഹരിവിപണിയിൽ നടത്തിയ കൃത്രിമവും തട്ടിപ്പും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുക അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയെ ഇതിനായി നിയമിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചു. ഗൗതം അഡാനിയും കമ്പനിയും കേന്ദ്രസർക്കാരിന്റെ അന്ധമായ സംരക്ഷണയിലെന്ന് സ്ഥിരീകരിക്കുന്ന ചെയ്തികളുടെ തുടർച്ചയായി പ്രധാനമന്ത്രിയുടെ ഈ നടപടിയും. ഹിൻഡൻബർഗ് റിസർച്ചിന്റെ 413 പേജുകളുള്ള ആരോപണങ്ങളോട് അഡാനിയുടെ തന്നെ പ്രതികരണം ‘ഇന്ത്യക്കെതിരായ ആക്രമണം’ എന്ന വിചിത്ര വാദത്തിലൂന്നിയതായിരുന്നു. ഗൗതം അഡാനിയുടെ കണക്കുകളിലെ ആസ്തി ഏകദേശം 120 ബില്യൺ ഡോളറാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ഓഹരി വില വർധനവിലൂടെ നൂറ് ബില്യണിലധികം ഡോളറുകളുടെ വർധനവുണ്ടായി. ലിസ്റ്റു ചെയ്ത ഏഴ് പ്രധാന കമ്പനികളിലൂടെയാണ് ഇത് സാധ്യമായത്. ശരാശരി 819 ശതമാനം വളർച്ച. അഡാനി ഗ്രൂപ്പിന്റെ മുൻ സീനിയർ എക്സിക്യൂട്ടീവുകളുൾപ്പെടെയുള്ളവരുമായി സംസാരിച്ചും അനവധി ആധികാരിക സ്രോതസുകൾ സമാഹരിച്ചും ഹിൻഡൻബർഗ് റിസർച്ച് പുറത്തുകൊണ്ടുവന്നത് കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ്. അഡാനി ഗ്രൂപ്പിന്റെ പ്രധാന ലിസ്റ്റഡ് കമ്പനികളെല്ലാം ഉയർന്ന തോതിൽ വായ്പകൾ സമാഹരിച്ചിട്ടുണ്ട്. വായ്പകളിലൂടെ സ്റ്റോക്കുകൾ പെരുപ്പിച്ചുകാട്ടി. പെരുപ്പിച്ച ഓഹരികൾ പണയം വച്ചു. ഹിന്‍ഡൻബർഗ് രേഖകളെ തുടർന്ന് അഡാനി ഗ്രൂപ്പിന്റെ ഏഴ് പ്രധാന ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിൽ 85 ശതമാനം ഇടിവുണ്ടായി. അഡാനി ഗ്രൂപ്പിന്റെ പ്രധാന ചുമതലക്കാരില്‍ എട്ട് പേരും അഡാനി കുടുംബാംഗങ്ങളാണ്. സാമ്പത്തിക നിയന്ത്രണം ചുരുക്കം ചിലരുടെ കൈകളിൽ ഒതുങ്ങുന്നു. സ്വാഭാവികമായും ഒരു ‘കുടുംബ ബിസിനസ്’ എന്ന വിളിപ്പേരിനർഹം.

ഗൗതം അഡാനിയുടെ ജ്യേഷ്ഠൻ, വിനോദ് അഡാനി കച്ചവടത്തിലെ ദുരൂഹ കഥാപാത്രമായി വിശേഷിക്കപ്പെടുന്നു. തട്ടിപ്പിനായുള്ള വിദേശകടലാസ് കമ്പനികളുടെ വലിയൊരു ശൃംഖല ഇയാൾ കൈകാര്യം ചെയ്യുന്നു. 2020 ഏപ്രിലിനും 2022 ഓഗസ്റ്റിനുമിടയിൽ അഡാനി കമ്പനികളുടെ മൂല്യം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. സ്റ്റോക്കുകളുടെ മൂല്യം നാലായിരം ശതമാനം ഉയർന്നു. ഓഹരികൾ ഇടിഞ്ഞതോടെ ഇപ്പോൾ ഈ കമ്പനികളുടെ റേറ്റിങ് താഴുകയാണ്. ക്രെഡിറ്റ് സ്യൂസ് 75 ശതമാനം വായ്പാ മൂല്യം നൽകിയ അ ഡാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റികളിൽ ഒരു വിഭാഗം വായ്പാമൂല്യ ഗണനങ്ങൾക്ക് വെളിയിലാണ്. അമേരിക്കൻ നിക്ഷേപ ബാങ്കായ സിറ്റി ഗ്രൂപ്പ് ഇത്തരം സെക്യൂരിറ്റികൾ പരിഗണിച്ച് വായ്പ നൽകാൻ വിസമ്മതിക്കുകയാണ്. ഓഹരി വില്പനയും തിരിച്ചടി നേരിടുന്നു. അഡാനിയും മോഡിയും ഗുജറാത്തിൽ നിന്നും വരുന്നു. രാഷ്ട്രീയ ഔന്നത്യവഴികളിൽ മോഡി അഡാനിയുമായി അടുത്ത സൗഹൃദം പുലർത്തി. പരസ്യമായി പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോഡി അഡാനിയുടെ സ്വകാര്യ വിമാനങ്ങളിൽ പറന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കാൻ ഗുജറാത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോയപ്പോഴും അഡാനിയുടെ ആകാശനൗക വഴികാട്ടി. മോഡിയുടെ വളർച്ചയ്ക്കൊപ്പം അഡാനിയുടെ സമ്പത്ത് 230 ശതമാനം ഉയർന്നു. രാജ്യത്തുടനീളമുള്ള തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽ, ഫോസിൽ ഇന്ധനങ്ങൾ, ഗ്രീൻ എനർജി തുടങ്ങിയ നിരവധി സർക്കാർ ടെൻഡറുകളും അടിസ്ഥാന സൗകര്യ പദ്ധതികളും അഡാനിയെ തേടിയെത്തി. കേന്ദ്രസര്‍ക്കാരിന്റെ വൻതോതിലുള്ള സ്വകാര്യവൽക്കരണ ചെയ്തികളും ബിസിനസ് സൗഹൃദ നയങ്ങളും അഡാനിയെ മാത്രം തുണച്ചു.


ഇതുകൂടി വായിക്കൂ:മോഡി ചങ്ങാത്തത്തില്‍ പണിത കടലാസ് കൊട്ടാരം


സാധാരണ ജനങ്ങളിൽ നിന്ന് ഉപജീവനമാർഗങ്ങൾ കവർന്നെടുക്കുമ്പോൾ സമ്പന്നർക്ക് വൻ ലാഭം വാഗ്ദാനം ചെയ്യുന്ന ഈ ‘രാഷ്ട്രനിർമ്മാണം’ ബജറ്റിലും പ്രകടമാണ്. തൊഴിൽ ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ, സാമൂഹിക സുരക്ഷാ ചെലവുകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷപ്രതിഷേധം ഉയർന്നിരിക്കുന്നത്. എംഎൻആർഇജിഎ, സാമൂഹിക സുരക്ഷ, പെൻഷനുകൾ, കുട്ടികളുടെ പോഷകാഹാര പദ്ധതികൾ, പ്രസവാനുകൂല്യങ്ങൾ എന്നിവയ്ക്കായുള്ള വിഹിതങ്ങൾ വലിയതോതിൽ വെട്ടിക്കുറച്ചു. ജനം പട്ടിണിയിലാകുന്നതെങ്ങനെയെന്ന് ബജറ്റ് ശ്രദ്ധിക്കുന്നില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ജനങ്ങളുടെ വാങ്ങൽശേഷിയും ആഭ്യന്തര ഡിമാൻഡും വർധിപ്പിക്കുന്നതിനുള്ള വിഹിതം ബജറ്റിൽ ഉണ്ടാകേണ്ടിയിരുന്നു. ഈ സാഹചര്യം നിറവേറ്റുന്നതിൽ ഈ ബജറ്റ് പരാജയപ്പെട്ടു. സംസ്ഥാനങ്ങളുടെ വിഹിതം നിഷേധിക്കപ്പെടുന്നു. മോഡി ഭരണത്തിൽ ഫിസ്കൽ ഫെഡറലിസം പഴങ്കഥയാകുന്നു. ധനമൂലധനത്തിന്റെ ഭരണമാണ് പ്രകടമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.