March 31, 2023 Friday

Related news

March 14, 2023
March 8, 2023
February 15, 2023
February 12, 2023
February 11, 2023
February 7, 2023
February 6, 2023
January 30, 2023
January 25, 2023
November 30, 2022

എന്‍ഡിടിവിയെ വിഴുങ്ങാന്‍ വിടരുത്

Janayugom Webdesk
August 25, 2022 5:00 am

നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും അവരുടെ പിന്തുണയോടെ സാമ്പത്തികാടിത്തറ വിപുലപ്പെടുത്തുന്ന കോര്‍പറേറ്റുകളും ചേര്‍ന്ന് രാജ്യത്തെ മാധ്യമരംഗത്ത് ആധിപത്യമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ നിരന്തരമായി നടക്കുന്നുണ്ട്. തങ്ങളുടെ സ്തുതിപാഠകരായ മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സൃഷ്ടിക്കുന്നതില്‍ ഒരു പരിധിവരെ അവര്‍ ജയിച്ചു നില്ക്കുകയുമാണ്. പ്രചണ്ഡമായ പ്രചരണങ്ങളിലൂടെ ജനമനസുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനും അതിലൂടെ തങ്ങളുടെ നയങ്ങള്‍ സ്വീകാര്യമാക്കുവാനും അവര്‍ക്ക് സാധ്യമാകുന്നുണ്ട്. വിരുദ്ധമായ നടപടികള്‍പോലും അനുകൂലമാണെന്ന പ്രതീതി ജനിപ്പിച്ച് ജനമനസുകളെ സ്വാധീനിക്കുവാനും അത്തരം പ്രവര്‍ത്തനങ്ങളിലൂടെ നരേന്ദ്രമോഡിക്കും കോര്‍പറേറ്റ് മേലാളന്മാര്‍ക്കും കഴിയുന്നുമുണ്ട്. അതിനെല്ലാം കവചമായി നിലനില്ക്കുന്നതാകട്ടെ ഗോദി മീഡിയ എന്ന പേരില്‍ അറിയപ്പെടുന്ന വലതുപക്ഷ — മോഡി പക്ഷ മാധ്യമസംഘങ്ങളാണ്.

ഹിന്ദി ഭാഷയില്‍ മടിയില്‍ കിടക്കുന്ന മാധ്യമങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് ഗോദി മീഡിയ എന്ന സംജ്ഞ രാജ്യത്തുണ്ടായത്. നരേന്ദ്രമോഡി അധികാരത്തിലെത്തിയതിനുശേഷം ഫാസിസ്റ്റ് നയങ്ങളുടെ പെരുവെള്ളപ്പാച്ചിലിന്റെ ഘട്ടത്തിലാണ് ഗോദി മീഡിയയെന്ന പ്രയോഗം പ്രചുരപ്രചാരം നേടിയതെന്നോര്‍ക്കണം. ഫാസിസ്റ്റ് പണമൊഴുക്കില്‍ മോഡിസ്തുതിക്കും ഭരണകൂട പ്രീതിക്കും മാത്രമായി പുതിയ മാധ്യമ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ടായി. നിഷ്പക്ഷമെന്ന് കരുതിപ്പോന്നിരുന്ന ചിലവയെ പണമൊഴുക്കി വരുതിയിലാക്കുകയും ചെയ്തു. അതിനു സന്നദ്ധമാകാതിരുന്നവയെ നിരന്തരമായ ഭരണകൂട വേട്ടയിലൂടെയും അനുചര അക്രമിസംഘങ്ങളെ ഉപയോഗിച്ചുള്ള ഭീഷണികളിലൂടെയും അക്രമങ്ങളിലൂടെയും വരുതിയിലാക്കുവാനുള്ള ശ്രമങ്ങളും ആവര്‍ത്തിച്ചു. അതില്‍ ഭയന്ന് ചിലതെല്ലാം നിലപാടു മാറ്റുകയോ നിശ്ശബ്ദത സ്വയം എടുത്തണിയുകയോ ചെയ്യുകയുമുണ്ടായി.


ഇതുകൂടി വായിക്കുക:   വിറളിപിടിച്ച് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം


അച്ചടി — ദൃശ്യമാധ്യമങ്ങള്‍ക്ക് പലതിനും ആസുരമായ ഈ പരിസരങ്ങളില്‍ സംഭവിച്ച രൂപപരിണാമം നിഷ്പക്ഷ — ജനപക്ഷ മാധ്യമ മേഖലയില്‍ സൃഷ്ടിച്ച പരിമിതി ഒരു പരിധിവരെ നികത്തപ്പെടുന്നത് ഇപ്പോള്‍ നവമാധ്യമങ്ങളുടെയും സമൂഹ മധ്യമങ്ങളുടെയും രംഗപ്രവേശം കൊണ്ടാണ്. ഈയൊരു കെട്ടകാലത്തും യഥാര്‍ത്ഥ ദൗത്യ നിര്‍വഹണത്തിന് ഭയലേശമന്യെ നിലകൊള്ളുന്ന മാധ്യമസ്ഥാപനങ്ങള്‍ ചിലതുണ്ടെന്നത് പാര്‍ശ്വവല്കൃത മനുഷ്യരുടെ ആ ശ്വാസവും ധൈര്യവുമായിരുന്നു. അനീതിക്കെതിരായ അവരുടെ പോരാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുവാനും അധികാര സ്തംഭങ്ങളിലെ നെറികേടുകളെ തുറന്നുകാട്ടുവാനും മുന്നില്‍ നില്ക്കുന്ന, ഇപ്പോ ഴും പ്രതീക്ഷയേകുന്ന അവയില്‍ ഒന്നാണ് എന്‍ഡിടിവി എന്ന പേരില്‍ സുപ്രസിദ്ധവും വിപുല പ്രചാരവുമുള്ള ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് എന്ന മാധ്യമ സ്ഥാപനം. വില പറഞ്ഞ് പിറകേ നടന്നിട്ടും വായ്പാ കേസിന്റെ പേരില്‍ വേട്ടയാടുവാന്‍ ശ്രമിച്ചിട്ടും എന്‍ഡിടിവിയെ വരുതിയിലാക്കുവാന്‍ മോഡി പ്രഭൃതികള്‍ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. പക്ഷേ, ചതിയുടെ മാര്‍ഗത്തിലൂടെ അവര്‍ അതില്‍ വിജയിക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരിക്കുന്നു. നേരിട്ടു വിലയ്ക്കു വാങ്ങുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പുത്തന്‍ സമ്പത്തിക നയങ്ങളുടെ ഉപജ്ഞാതാക്കളുടെ കുടിലബുദ്ധിയില്‍ രൂപപ്പെട്ട ചതിപ്രയോഗത്തിലൂടെ മോഡിയുടെ വലംകൈ അ‍ഡാനി എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയിരിക്കുന്നു.

ഓഹരിവിപണിയെന്നത് പുത്തന്‍ സാമ്പത്തിക നയകാലത്തെ ചതിക്കുഴികളിലൊന്നാണ്. സഹായം വായ്പയായി നല്കുകയും പിന്നീട് അത് ഓഹരിയാക്കി മാറ്റി സ്ഥാപനങ്ങളുടെ നടത്തിപ്പ് പങ്കാളികളായി മാറുകയുമെന്നത് പുതിയ തന്ത്രവുമാണ്. നേരിട്ടുള്ള വിലപേശലില്‍ വഴങ്ങുവാന്‍ തയാറാകാതിരുന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ വേഷപ്രച്ഛന്നമായെത്തിയ സ്ഥാപനത്തിന്റെ പേരിലാണ് അഡാനി എന്‍ഡിടിവിയില്‍ ഓഹരി പങ്കാളിത്തം നേടിയിരിക്കുന്നത്. എൻഡിടിവിയിൽ നേരത്തെ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി വിശ്വ പ്രധാന്‍ കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വാങ്ങുകയായിരുന്നു. വിസിപിഎൽ എന്നത് അഡാനിയുടെ കടലാസ് കമ്പനിയാണെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. എന്നുമാത്രമല്ല ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അടിമുടി ദുരൂഹവുമായിരുന്നു. നേരത്തെതന്നെ അഡാനി മാധ്യമരംഗത്തും ചുവടുറപ്പിക്കുമെന്ന വിവരം പുറത്തുവന്നിരുന്നതാണ്. അതിന്റെ തുടര്‍ച്ചയായി ക്വിന്റിലോണ്‍ മീഡിയ സ്ഥാപനത്തിന്റെ ഓഹരികള്‍ അഡാനി സ്വന്തമാക്കുകയുണ്ടായി. ഇപ്പോള്‍ വളഞ്ഞ വഴിയിലൂടെ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരിയും സ്വന്തമാക്കിയിരിക്കുന്നു. നിയമപ്രകാരം ഇനി കമ്പനികളുടെ ഓഹരി നേരിട്ടു വാങ്ങുന്നതിന് തടസമുള്ളതിനാല്‍ വിപണിയില്‍നിന്ന് നേരിട്ടു വാങ്ങുന്നതിനുള്ള താല്പര്യം പ്രകടിപ്പിച്ചതായും അഡാനി ഗ്രൂപ്പിന്റെ ഈ കടലാസു കമ്പനി അറിയിച്ചിട്ടുണ്ട്. ചതിപ്രയോഗത്തിലൂടെയാണെങ്കിലും എന്‍ഡിടിവിയുടെ ഓഹരി അഡാനി കൈക്കലാക്കുന്നത് നല്ല സന്ദേശമല്ല നല്കുന്നത്.


ഇതുകൂടി വായിക്കുക:   ഗോദി മീഡിയയും ജനങ്ങളുടെ ചെറുത്തുനില്പും


സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനം നടത്തുന്ന സംരംഭങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന ഘട്ടത്തില്‍ ഇത്തരമൊരു ഏറ്റെടുക്കലിലൂടെ മാധ്യമരംഗത്ത് മാത്രമല്ല രാജ്യത്തിന്റെ പൊതുസമൂഹത്തിലും വലിയ ഭീഷണിയാണ് സൃഷ്ടിക്കപ്പെടുക. തങ്ങളുടെ അറിവില്ലാതെയും ചര്‍ച്ച ചെയ്യാതെയുമാണ് ഓഹരി കയ്യടക്കിയതെന്നും കീഴടങ്ങില്ലെന്നുമുള്ള ഉറച്ച നിലപാട് എന്‍ഡിടിവി മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യന്തം അപകടകരമായ ഈ കെട്ടകാലത്ത് സാധാരണക്കാര്‍ക്കും പാര്‍ശ്വവല്കൃത സമൂഹത്തിനും നേരിയ പ്രതീക്ഷയെങ്കിലും നല്കുന്നത് ഇത്തരം മാധ്യമങ്ങളുടെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ എന്‍ഡിടിവിയെ വിഴുങ്ങുവാനുള്ള അഡാനിയുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് രാജ്യത്തെ പൊതുസമൂഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്തമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.