അടഞ്ഞ മിഴികളിലെമങ്ങിയ കാഴ്ചകള്‍…

Web Desk
Posted on May 19, 2019, 8:09 am

ഷര്‍മ്മിള സി നായര്‍

മരിച്ചവര്‍ക്ക്,
കുറച്ചു സമയത്തേയ്ക്ക് കൂടി
സമീപത്ത് നടക്കുന്ന കാര്യങ്ങള്‍
അറിയാന്‍ കഴിയുമെന്ന് നീയൊരിയ്ക്കല്‍ പറഞ്ഞതെത്ര ശരിയാണ്

നോക്കൂ,
പ്രിയമുള്ളവരെയൊക്കെവിട്ടുള്ള
ആ യാത്രയിലാണിന്നു ഞാന്‍
വെള്ളപുതപ്പിച്ച എന്റെ ശരീരം
കിടത്തിയിരിക്കുന്നത് എവിടെയാണെന്ന്
എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാനാവുന്നില്ല
എങ്കിലും,
എനിക്കു ചുറ്റും നിറമിഴികളോടെ
നില്‍ക്കുന്നവരുടെ അവ്യക്തചിത്രങ്ങള്‍
മങ്ങിയ കാഴ്ചയില്‍ തെളിയുന്നുണ്ട്
ജീവിത വഴിയില്‍ ഇണങ്ങിയും
പിണങ്ങിയും ഒപ്പം നടന്നവര്‍.

ആ മൂലയ്ക്ക് തലയ്ക്കു കൈകൊടുത്ത്
തളര്‍ന്നിരിക്കുന്നയാളെ കണ്ടോ
ഇക്കാലമത്രയും എന്നെ സഹിച്ചയാള്‍
തലയില്‍ നിന്നൊരു ഭാരമിറങ്ങിയ
ആശ്വാസമാണോ ആ കണ്‍കളില്‍
അല്ല, ഒരിയ്ക്കലുമല്ല
എന്റെ അസാന്നിധ്യം താങ്ങാനാവില്ലെന്ന്
ഞാനെപ്പോഴും പറയുന്നയാള്‍
അങ്ങനെ തന്നാവുമല്ലേ?

അതിനപ്പുറം, വിദൂരതയിലേയ്ക്ക്
കണ്ണുംനട്ട് എന്റെ മകനരിപ്പുണ്ട്
ഇടയ്‌ക്കൊക്കെ അവനറിയാതെ
കണ്ണുകള്‍ കൈയ്യിലെ മൊബൈല്‍
ഫോണിലേയ്ക്ക് നീളുന്നുണ്ട്
പാവം, അവന് വിശക്കുന്നുണ്ടാവണം
ഊബര്‍ ഈറ്റ്‌സിലെ ഓഫര്‍ നോക്കുന്നതാവും
അവനൊന്നും ഓര്‍ഡര്‍ ചെയ്യാനാവില്ലല്ലോ
ഞാനിങ്ങനെ മരിച്ചു കിടക്കുകയില്ലേ.…

അടഞ്ഞ മിഴികളിലെ മങ്ങിയ
കാഴ്ചയില്‍ പിന്നെയും പലതും
ഇന്നലെവരെ എന്റൊപ്പം മണിക്കൂറുകള്‍
ചെലവിട്ടവര്‍ വാച്ചില്‍ നോക്കി അക്ഷമരായ്.…
അതാ ഗേറ്റില്‍ ഒരോട്ടോറിക്ഷ വന്നു നില്‍ക്കുന്നു
ഒരാള്‍ ധൃതിയില്‍ ഇറങ്ങി വരുന്നുണ്ട്
മുഖത്ത് ദു:ഖമാണോ, നന്ദിയാണോ.…
അടുത്ത മാസം അടുത്തൂണ്‍ പറ്റേണ്ടതാണ്
സീനിയോരിറ്റി ലിസ്റ്റില്‍ എനിയ്ക്കു താഴെയാണ്.
അടുത്ത സ്ഥാനക്കയറ്റം ഉറപ്പായതില്‍
നന്ദി പറയാനുള്ള വരവുതന്നെയാവണം.

അപ്പോഴും,
വന്നുപോകുന്നവര്‍ക്കിടയില്‍ എന്റെ
അടഞ്ഞ മിഴികള്‍ നിന്നെ തിരയുന്നുണ്ടായിരുന്നു
ജീവിച്ചിരിക്കുന്നവരെപ്പോലെ
മരിച്ചവര്‍ക്കാരെയും ഭയക്കേണ്ടതില്ലല്ലോ
മരിച്ചവര്‍ക്ക് സദാചാരക്കെട്ടുപാടുകളില്ലെന്ന്
നീ തന്നെയല്ലേ പറയാറുള്ളത്.

ഇനി ആരും വരാനില്ലല്ലോ?
പല്ലുകൊഴിഞ്ഞമോണകാട്ടി
യൊരപ്പാപ്പന്‍ചോദിക്കുന്നു
ഇല്ലായെന്നാരോ.…
ഒരാള്‍ കൂടിയുണ്ടെന്ന് പറയാന്‍ എനിക്കാവുന്നില്ലല്ലോ
മരിച്ചവര്‍ക്ക് സംസാരിക്കാനാവില്ലല്ലോ
എടുക്കാമല്ലേയെന്ന് വീണ്ടുമാരോ.…
അക്ഷമരായി നിന്നവരുടെ മുഖത്ത്
നേരിയ ആശ്വാസം പടരുന്നുണ്ട്.

നീയറിഞ്ഞോ,
നമ്മുടെയാ പുളിവാകച്ചോട്ടിലേയ്ക്കാണ്
എന്നെ കൊണ്ടു പോകുന്നത്
അവിടെയാണ് എന്റെ അന്ത്യവിശ്രമം
അവിടെയൊരാള്‍ നില്‍പ്പുണ്ട്
എത്ര നേരമായെന്നറിയില്ല..
എന്നേപ്പോലെ നിനക്കുമറിയാം ആളെ
പിന്നിട്ട വഴിയില്‍ നിനക്കൊപ്പം നടന്ന ഞാന്‍
കാണാതെ പോയൊരാള്‍.…

വീണ്ടും, എന്റെ അടഞ്ഞ മിഴികള്‍
ഗേറ്റിലേയ്ക്ക് നീളുന്നു
നിന്നെ മാത്രം കാണുന്നില്ലല്ലോ
എന്റെ ശരീരം അഗ്‌നിനാളങ്ങള്‍ വിഴുങ്ങുംമുമ്പ്
നിന്നെ ഒന്നുകൂടി കാണണമെന്ന
ആഗ്രഹം അടക്കാനാവുന്നില്ല.…

ശീതീകരിച്ച മുറിയിലിരുന്ന്
മുഖപുസ്തകത്തിലെ ആദരാഞ്ജലിപോസ്റ്റിന്
ദുഃഖസാന്ദ്രമായ വരികള്‍ തേടുന്ന
നിന്നെയും ഞാന്‍ കാണുന്നുണ്ട്
എങ്ങനെയെന്നല്ലേ നീ ചിന്തിച്ചത്
മരിച്ചവര്‍ക്ക് എവിടെയും കടന്നു
ചെല്ലാമെന്ന് പറയാറുള്ളത്,
നീ ഇത്ര വേഗം മറന്നോ.…?

ആരൊക്കെയോ ചേര്‍ന്നെന്റെ
ശരീരം ഉയര്‍ത്തുന്നു
മരിച്ചവര്‍ക്ക് മുന്നേ മരിച്ചവരുടെ
കരസ്പര്‍ശം അറിയാന്‍ കഴിയുമെന്ന്
ഒരിയ്ക്കല്‍ നീ പറഞ്ഞതോര്‍ക്കുന്നു
ഏതോ കരങ്ങളെന്നെ ചേര്‍ത്തുപിടിക്കുന്നു
ഒരിയ്ക്കലാ കൈകളെന്നെ
പിച്ചവെപ്പിച്ചതാണന്നറിഞ്ഞപ്പോള്‍
എന്നോ നഷ്ടമായ മാതൃവാത്സല്യം
മരണത്തിലും ഞാനറിയുന്നു
മരണത്തിലും, സന്തോഷിക്കാന്‍ചിലതുണ്ടാവുമല്ലേ.…

എന്റെ മോന്‍,
എന്നെയെപ്പോഴും കെട്ടിപ്പിടിക്കുന്ന
അവന്റെ കൈകളില്‍ എന്റെ ജീവനറ്റ
ശരീരം കത്തിയ്ക്കുവാനുള്ള
തീനാളവുമായി.…
അവന്റെ കണ്ണുകള്‍ നന്നായി കലങ്ങിയിട്ടുണ്ട്,
വിശന്നുതളര്‍ന്ന അവനെ കാണുമ്പോള്‍
മരണത്തിലുമെന്റെ ഉള്ളം തേങ്ങുന്നുണ്ട്
മരിച്ചവര്‍ക്കും വികാരങ്ങളുണ്ടെന്ന്
നീയൊരിക്കല്‍ പറഞ്ഞതെത്ര ശരിയാണ്.

എന്റെ വിറങ്ങലിച്ച നെറ്റിയില്‍
ആരോ ചുംബിക്കുന്നു
ഒരു തുള്ളിക്കണ്ണീര്‍ എന്റെ മുഖത്തേയ്‌ക്കൊലിച്ചിറങ്ങുന്നു.…
ഭര്‍ത്താവാണ്.
ആ കണ്ണീര്‍ തുടയ്ക്കാന്‍
ഇനിയെന്റെകരങ്ങള്‍ക്കാവില്ലല്ലോ.…

അഗ്‌നിനാളങ്ങളെന്നെ വിഴുങ്ങാന്‍
നിമിഷങ്ങള്‍ മാത്രം
മങ്ങിയ കാഴ്ചയില്‍ തെളിയുന്നുണ്ട്,
എന്റെ ചരമ പോസ്റ്റിന് നൂറാമത്തെ ലൈക്ക്
നല്‍കിയതാരാണെന്ന് നോക്കുന്ന നിന്നെ.
ബന്ധങ്ങളുടെ അതീന്ദ്രിയതലം എന്താണെന്നറിയാന്‍
മരണത്തിനുമപ്പുറം മറ്റൊന്നുമില്ലാന്ന്
നീയൊരിയ്ക്കല്‍ മുഖപുസ്തകത്തില്‍
കുറിച്ചത് വെറുതേ ഓര്‍ത്തു
ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ.….

അഗ്‌നിനാളങ്ങളെന്നെ വിഴുങ്ങുമ്പോഴും
നിന്നിലേയ്ക്കു മാത്രം നീളുന്ന
എന്റെ മിഴികള്‍ വിട്ടു പോകുന്നല്ലോ
രാവിലെ മുതല്‍ പുളിവാകചോട്ടില്‍
നിന്നിരുന്ന ആ മുഖം ഒന്നു നോക്കാന്‍.…
നീ പറയാറുള്ളത് എത്ര ശരിയാണ്
ചിലരെ നമ്മള്‍ കാണില്ല, ഒരിക്കലും.…
ഒരിക്കലും.…