Monday
24 Jun 2019

ക്ഷണികമായ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടല്‍

By: Web Desk | Wednesday 10 April 2019 10:23 PM IST


karyavicharam

ഫാസിസ്റ്റുകളാണ് തങ്ങളെന്ന് സ്വയം തുറന്നു പറയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയിലില്ല. തങ്ങള്‍ മാത്രമാണ് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്നവകാശപ്പെടാന്‍ ധാരാളം പാര്‍ട്ടികളും നേതാക്കളും ഉണ്ട് താനും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന ദിനങ്ങളിലൂടെ കടന്നുപോകുകയാണ് ഇന്ത്യ. ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം തെരഞ്ഞെടുപ്പാനന്തര ഇന്ത്യയില്‍ ഭരണചക്രം ആര് തിരിക്കും എന്നുള്ളത് തന്നെയാണ്.
താനാണ് യഥാര്‍ഥ കാവല്‍ക്കാരന്‍ എന്ന് നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡി അവകാശപ്പെടുമ്പോള്‍ ഇപ്പോഴത്തെ കാവല്‍ക്കാരന്‍ കള്ളനും ചതിയനുമാണെന്ന് മുഖ്യ പ്രതിപക്ഷ പോരാളി രാഹുല്‍ ഗാന്ധിയും ആരോപിക്കുന്നു. മോഡിക്കു പിന്നില്‍ ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകളും അവര്‍ സമര്‍ഥമായി നിര്‍മിച്ചുണ്ടാക്കിയ ഹൈന്ദവ ദേശീയത എന്ന ഒരാശയവും കൂട്ടിനുണ്ട്. രാഹുല്‍ ഗാന്ധിയും കൂട്ടരും അതിനെ പ്രതിരോധിക്കാന്‍ ആശ്രയിക്കുന്നത് തീര്‍ത്തും കോര്‍പ്പറേറ്റ് രഹിതരെയാണോ? ഹൈന്ദവ ദേശീയതയ്ക്കുപകരം മതനിരപേക്ഷമായ ആശയത്തെയാണോ അവര്‍ കൂട്ടുപിടിക്കുന്നത്? ഇങ്ങനെ ചില ചോദ്യങ്ങളുടെ പ്രസക്തി ബാക്കിവച്ചുകൊണ്ടാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഗോദയില്‍ അണിനിരന്നിരിക്കുന്നത്.
അധികാരം ലഭിക്കാന്‍ സാധ്യതയുള്ള രണ്ട് മുന്നണിയും ഏറെക്കുറെ ഒരേ സാമ്പത്തിക നയത്തെ പിന്തുടരുമ്പോള്‍ ഹൈന്ദവ ദേശീയത അരക്കിട്ടുറപ്പിക്കുന്നതിലും അതുവഴി ഇന്ത്യാരാജ്യത്ത് ഇപ്പോഴും വേരറ്റിട്ടില്ലാത്ത മതേതര കാഴ്ചപ്പാടിനെ കയ്യൊഴിയാനുള്ള വെമ്പലിലും മോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ബിജെപിയും ആര്‍എസ്എസും കൊണ്ടുപിടിച്ച ശ്രമത്തിലാണ്. കഴിഞ്ഞ അഞ്ച് കൊല്ലം ഈ പരീക്ഷണത്തില്‍ ഏര്‍പ്പെടുകയും അതിനുവേണ്ടി ഭരണകൂട യന്ത്രത്തെ അവര്‍ പരമാവധി ദുര്‍വിനിയോഗം ചെയ്യുകയുമുണ്ടായി.
മറുപക്ഷത്ത് അവരില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചെടുത്ത് പഴയ ജനാധിപത്യ കെട്ടുറപ്പിലേക്ക് കൊണ്ടുവരാനും പരമാവധി മതനിരപേക്ഷമാക്കാനും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ശ്രമിക്കുന്നുണ്ട് എന്നത് സത്യമാണെങ്കിലും അത് ഫലപ്രാപ്തിയിലെത്തിക്കാന്‍ തക്ക തന്ത്രങ്ങള്‍ മെനയുന്നതിലും പ്രായോഗികമായ നീക്കങ്ങള്‍ നടത്തുന്നതിലും കോണ്‍ഗ്രസ് വിജയിക്കുന്നില്ല എന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ചെന്ന് അവര്‍ക്കെതിരെ പടനയിക്കാന്‍ ഒപ്പം ചേര്‍ക്കേണ്ടവരെ കൂടെ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന് തുടക്കത്തില്‍തന്നെ പിഴച്ചു എന്നതാണ്. തെരഞ്ഞെടുപ്പ് പ്രചരണം ഏറെക്കുറെ മുന്നോട്ടുപോയപ്പോള്‍ യുപി, ബിഹാര്‍, ഡല്‍ഹി, ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലൊന്നും പൊതുവിപത്തിനെതിരെ അണിനിരക്കേണ്ട ശക്തികളെ കൂട്ടിയോജിപ്പിക്കാന്‍ ഫാസിസ്റ്റ് വിരുദ്ധ നിലപാടുള്ള പാര്‍ട്ടികള്‍ക്കൊന്നും ആയിട്ടില്ല. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുമാകില്ല. പട നയിക്കുന്ന രാഹുല്‍ ഗാന്ധിക്കും ഒഴിഞ്ഞു മാറാനാകില്ല. കോണ്‍ഗ്രസും രാഹുലും അവസരത്തിനൊത്ത് ഉയരുമോ എന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുമെന്നതുള്‍പ്പെടെ, നടപ്പിലാകാന്‍ സാധ്യതയില്ലാത്ത വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ജനത്തെ ക്ലീനായി കബളിപ്പിക്കുന്ന തന്ത്രമാണ് ബിജെപിയും മോഡിയും പയറ്റിയതും ഇപ്പോഴും പയറ്റുന്നതും. പാവങ്ങളായ പൊതുജനത്തിനുള്ളില്‍ അന്തര്‍ലീനമായിട്ടുള്ള ‘ക്ഷണികമായ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടല്‍’ എന്ന സാധ്യത തിരിച്ചറിഞ്ഞുകൊണ്ടാണ് ഫാസിസ്റ്റ് മനോഭാവമുള്ള ഭരണകൂടങ്ങള്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നത്. ഭൂരിപക്ഷ സമുദായങ്ങളുടെ മതവൈകാരികതയെ ആളിക്കത്തിച്ച് അവരുടെ യഥാര്‍ഥ സഹായികള്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്നതും ഭരണത്തിനാവശ്യമായ പിന്തുണ നേടലിന്റെ ഭാഗമാണ്.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മോഡിയുടെയും അമിത്ഷായുടെയും ഇത്തരം തന്ത്രങ്ങളെ നേരിടാന്‍ കോണ്‍ഗ്രസും രാഹുലും ഇതിന്റെ മറ്റൊരു പതിപ്പിനെ ആശ്രയിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദരിദ്രരുടെ അക്കൗണ്ടില്‍ പണമെത്തിക്കുമെന്നും ബാബ്‌റി ക്ഷേത്രം പണിയണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും വരെയുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസും സ്വീകരിച്ചു തുടങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ഫാസിസത്തിനെതിരെയുള്ള യഥാര്‍ഥ ജനാധിപത്യ, മതേതരബദലാകില്ല രൂപപ്പെടുക എന്നുറപ്പാണ്.
അതിലും വലിയ അപകടകരമായ മറ്റൊരു പ്രവണത കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കളിലെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ട്. ബിജെപിയേക്കാള്‍ വലിയ ശത്രു ചില സ്ഥലങ്ങളിലെങ്കിലും ഇടതുപക്ഷമാണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. അത്തരം സംസ്ഥാനങ്ങളില്‍ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതും ബിജെപിക്ക് കൂടുതല്‍ കരുത്ത് പകരാനേ ഉപകരിക്കൂ.