വീടില്ലാത്തവര്‍ക്ക് ആധാറുമില്ലെങ്കില്‍ ക്ഷേമപദ്ധതികള്‍ എങ്ങനെ നല്‍കും ; സുപ്രീംകോടതി

Web Desk
Posted on January 10, 2018, 8:52 pm

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം സാമൂഹ്യ ക്ഷേമപദ്ധതികളുടെ ആനുകൂല്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതി. സ്വന്തമായി വീടില്ലാത്തവര്‍ സ്ഥിരം മേല്‍വിലാസമില്ലാതെ എങ്ങനെ ആധാര്‍ കാര്‍ഡ് എടുക്കുമെന്നും സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് ആശങ്ക ഉന്നയിച്ചത്.

എല്ലാ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാല്‍ കാര്‍ഡ് ഇല്ലാത്ത ലക്ഷങ്ങള്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് പുറത്താകുമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ വിമര്‍ശിച്ചു. ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് സ്ഥിര മേല്‍വിലാസം നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയപ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

യുഡിഎഐയില്‍ നിന്ന്  നിര്‍ദ്ദേശങ്ങള്‍ തേടാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത കൂടുതല്‍ സമയം തേടി. നഗരങ്ങളില്‍ ഭവനരഹിതരായി കഴിയുന്ന ഭൂരിപക്ഷം പേര്‍ക്കും ഗ്രാമീണ മേഖലയില്‍ സ്ഥിര മേല്‍വിലാസമുണ്ടെന്ന് തുഷാര്‍ മേഹ്ത്ത കോടതിയില്‍ അറിയിച്ചു. അവര്‍ നഗരങ്ങളിലേക്ക് മാറിയതിന് ശേഷമാണ് അവര്‍ ഭവനരഹിതരായത്. അവര്‍ക്ക് നാട്ടിലെ വിലാസം നല്‍കിയാല്‍ ആധാര്‍ കാര്‍ഡ് എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ആധാര്‍ വിഷയത്തില്‍ ആശങ്ക ഉന്നയിച്ചത്. ഭവനരഹിതര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കമ്മറ്റി രൂപീകരിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 17,73,040 ഭവനരഹിതരുണ്ടെന്നാണ് കണക്ക്.