ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; ഇടക്കാല ഉത്തരവ് നാളെ

Web Desk
Posted on December 14, 2017, 7:21 pm

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ കാര്‍ഡ്, ബാങ്ക് ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജികളിലുള്ള വാദം പൂര്‍ത്തിയായി. ഇതിനോടനുബന്ധിച്ചുള്ള ഇടക്കാല ഉത്തരവ് നാളെ ഇറങ്ങും. അവസാനവട്ട വാദം ജനുവരി 17 ഓടെ പൂര്‍ത്തിയാകും.
ആധാറുമായി ബാങ്ക്, പാന്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആക്കി കേന്ദ്രം നീട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീയതി പ്രഖ്യാപിച്ചത്.
വിവിധ പദ്ധതികളിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബയോമെട്രിക് സംവിധാനമായ ആധാറുമായി ബാങ്ക്, പാന്‍ കാര്‍ഡ് വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആക്കി നീട്ടിയതായി കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.
പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ക്കും ആധാര്‍ ബന്ധിപ്പിക്കണമെന്നും വേണുഗോപാല്‍ ജസ്റ്റിസ് എ കെ സിക്രി, എ എം ഖാന്‍വികാര്‍, ഡി വൈ ചന്ദ്രചൗധ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിനോട് കൂട്ടിച്ചേര്‍ത്തു.