6 November 2025, Thursday

Related news

October 6, 2025
October 6, 2025
September 30, 2025
September 29, 2025
September 18, 2025
September 13, 2025
September 10, 2025
August 20, 2025
July 19, 2025
March 7, 2025

അധികഭുമി ബിൽ സബ്ജക്ട് കമ്മിറ്റിക്ക്; സമഗ്ര സെറ്റിൽമെന്റ് ആക്ട് ലക്ഷ്യം

പ്രത്യേക ലേഖകന്‍ 
തിരുവനന്തപുരം
October 6, 2025 9:33 pm

സംസ്ഥാനത്ത് ഒരു സമഗ്ര സെറ്റിൽമെന്റ് ആക്ട് നടപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അവതരിപ്പിച്ച 2025ലെ സ്വകാര്യ കൈവശത്തിലുള്ള അധികഭുമി (ക്രമവത്കരണ) ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. ഡിജിറ്റൽ സർവ്വേ വഴി ഭൂരേഖകൾ ആധികാരികമാക്കുമ്പോൾ വ്യക്തികളുടെ കൈവശത്തിലും അനുഭവത്തിലും ഉള്ള അധിക ഭൂമിയുടെ ഉടമസ്ഥാവകാശം ക്രമവത്കരിക്കുന്നതിനും നിയമപ്രകാരമുള്ള സാക്ഷ്യപത്രം അനുവദിച്ചുനൽകുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അധികഭൂമി തർക്കരഹിതമായും നിയമപരമായും വ്യവഹാരഹിതമായും കൈവശം വച്ചിട്ടുള്ളതായിരിക്കണം. സർക്കാർ ഭൂമി സംരക്ഷണം ഉറപ്പു വരുത്തികൊണ്ടായിരിക്കും ഉടമസ്ഥാവകാശം ക്രമവത്കരിച്ചു നൽകുക.

ഐക്യകേരളത്തിന്റെ ചരിത്രത്തിലുള്ള ആദ്യത്തെ സെറ്റിൽമെന്റ് ബില്ലാണ് പൊതുജനങ്ങളുടെ മുന്നില്‍ വയ്ക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് മന്ത്രി കെ രാജന്‍ പറഞ്ഞു. 1853മുതൽ 1811വരെ കാലഘട്ടത്തിൽ നടന്ന സെറ്റിൽമെന്റിന് ശേഷം ഇതുവരെ ഒരു സെറ്റിൽമെന്റ് ഉണ്ടായിട്ടില്ല. 1965ലാണ് റീസർവെ നടപടികൾ ആരംഭിക്കാൻ കേരളം തീരുമാനിക്കുന്നത്. എല്ലാ 30 വർഷം കൂടുമ്പോഴും സെന്ററിൽമെന്റ് ഉണ്ടാകാവുന്ന തരത്തിൽ റീസർവെ നടപടികൾ കൊണ്ടുവരണം എന്നാഗ്രഹിച്ചു. ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് തുടര്‍ സർക്കാർ ഒരു ഡിജിറ്റൽ റീസർവെക്ക് നടപടികളാരംഭിച്ചത്.

കോലയളവ്, ചങ്ങല, ടേപ്പ് തുടങ്ങിയ പഴയ രീതികളില്‍ നിന്ന് ആധുനിക രീതിയിലേക്ക് മാറിയപ്പോൾ ഒരാളുടെ ബൗണ്ടറിക്കുള്ളിലുള്ള ഭൂമി അധികമായി കാണുന്ന സ്ഥിതയുണ്ടായി. 60ലക്ഷം ലാന്റ് പാഴ്സലുകൾ അളന്നപ്പോൾ 50% ഭൂമിയും നിലവിലുള്ള ഭൂമിയെക്കാൾ കൂടുതലായിരുന്നു. ഒരാൾ അതിർത്തിക്കുള്ളിൽ അളക്കുമ്പോൾ അധിക ഭൂമി കണ്ടെത്തിയാൽ അധിക ഭൂമിക്ക് നികുതി അടയ്ക്കാം എന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കി.

പക്ഷെ നികുതി ഉള്ളതുകൊണ്ട് മാത്രം ആ ഭൂമിയുടെ ഉടമസ്ഥാവകാശം അയാൾക്ക് ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് ഉള്ള വിസ്തീർണത്തിന് പൂര്‍ണ്ണമായും ഉടമസ്ഥത ലഭിക്കത്തക്കവിധത്തിൽ ഒരു സെറ്റിമെന്റ് ആക്ട് അവതരിപ്പിക്കണമെന്ന് ഗവൺമെന്റ് ആലോചിച്ചത്. അധിക ഭൂമിയുടെ അവകാശികള്‍ക്ക് അധിക ഭൂമി വിൽക്കാൻ കഴിയണം. സർവേസ് ആന്റ് ബൗണ്ടറിസ് ആക്ടിന്റെ ഉദ്ദേശകാരണങ്ങൾ പരിശോധിക്കുമ്പോൾ അതില്‍ ഒരു ഭേദഗതി ആ നിയമത്തിൽ വരുത്തിയിട്ട് കാര്യമില്ല. അതിലൂടെ ഭൂമിയുടെ ഉടമസ്ഥത നിശ്ചയിച്ചു നൽകാൻ കഴിയില്ല.

ആ സാഹചര്യത്തിലാണ് റവന്യു നിയമങ്ങളിലുള്ള പരിമിതി നികത്തുന്നതിന് കുറവുകളില്ലാത്ത നിയമനിർമ്മാണത്തിനു സര്‍ക്കാര്‍ തയ്യാറായത്, റവന്യു മന്ത്രി വ്യക്തമാക്കി. ഭൂപരിഷ്കരണ നിയമത്തിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ട കേരള മോഡലിന് ശേഷം ഭൂഭരണത്തില്‍ സ്വകാര്യ കൈവശ അധികഭൂമി (നിശ്ചയിക്കലും ക്രമവത്ക്കരണവും) ബില്ലിലൂടെ കേരളം മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്, റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.