കഴിഞ്ഞ മാസമുണ്ടായ സൗര കൊടുങ്കാറ്റിന്റെ ചിത്രം പകര്‍ത്തി ഇന്ത്യയുടെ കന്നി സൗരോർജ്ജ ദൗത്യമായ ആദിത്യ എൽ 1. മേയ് എട്ടിനും 15 നും ഇടയിലുണ്ടായ കൊറോണൽ മാസ് എജക്ഷൻസ് അഥവാ സൗര ജ്വാലകളുടെ ചിത്രങ്ങളാണ് ആദിത്യ എല്‍1 പകര്‍ത്തിയത്. സൂര്യന്റെ അന്തരീക്ഷത്തിലുണ്ടാകുന്ന വലിയ സ്ഫോടനങ്ങളെയാണ് സൗര കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിക്കുക. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് കഴിഞ്ഞമാസം ഉണ്ടായത്. ആദിത്യ പേടകത്തിലുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ്(സ്യൂട്ട്), വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് എന്നീ ഉപകരണങ്ങളാണ് പ്രധാനമായും മേയ് 8, 9 തീയതികളിലായി സൗരജ്വാല നിരീക്ഷിച്ചത്. 10, 11 തീയതികളില്‍ ഈ ഉപകരണങ്ങള്‍ കാലിബ്രേഷൻ മോഡിേലായിരുന്നതിനാൽ സൗര ജ്വലനം നിരീക്ഷിക്കാൻ കഴിഞ്ഞില്ല. 14 ന് വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ത്യയുടെ ഒന്നാം സൗരദൗത്യമായ ആദിത്യ ഈ വര്‍ഷം ജനുവരി ആറിനാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് ഒന്നിലുള്ള ഹാലോഭ്രമണപഥത്തില്‍ എത്തിയത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്റ്. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണം തുല്യമായ ഇവിടെ നിന്നും മുഴുവൻ സമയവും സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാനാകും. ഇത്തവണയുണ്ടായ വന്‍ സൗര കൊടുങ്കാറ്റ് ആദിത്യയ്ക്ക് വലിയ അവസരമായി മാറി.
സ്യൂട്ട് പേലോഡ് വ്യത്യസ്ത തരംഗദൈർഘ്യത്തിൽ പകർത്തിയ സൂര്യന്റെ ആറ് ചിത്രങ്ങള്‍ ഐഎസ്ആർഒ ഇന്നലെ പുറത്തുവിട്ടു. 200–400 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍ സൂര്യബിംബത്തെ നിരീക്ഷിക്കുന്ന ദൂരദര്‍ശിനിയാണ് സ്യൂട്ട്. വിഇഎല്‍സി ഓരോ മിനിട്ട് ഇടവേളയിലും ചിത്രങ്ങള്‍ പകര്‍ത്തുകയും സൂര്യന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കൂടാതെ ആദിത്യയിലുള്ള മറ്റ് ഉപകരണങ്ങളായ സോലെക്സ്, ഹെൽ1ഒഎസ്, ആസ്പെക്സ്, മാഗ് എന്നിവയും സൗരക്കൊടുങ്കാറ്റിന്റെ നിരീക്ഷണത്തില്‍ പങ്കാളിയായി.
ആദിത്യ‑എൽ1 പകർത്തിയ ഫോട്ടോകൾ സൗരജ്വാലകളെ കുറിച്ചും ഊർജ വിതരണത്തെയും സൂര്യകളങ്കങ്ങളെക്കുറിച്ചും പഠിക്കാൻ സഹായിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞു. ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് മനസിലാക്കാനും പ്രവചിക്കാനും കഴിയുന്ന നിരവധി നിര്‍ണായക വിവരങ്ങള്‍ ആദിത്യ നല്‍കിയതായും ഗവേഷകര്‍ പറഞ്ഞു.
English Summary:Aditya captures the solar flare; Will be a great asset in research
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.