Web Desk

ലഖ്‌നൗ

July 10, 2021, 8:46 pm

ജനസംഖ്യ നിയന്ത്രണ നിയമവുമായി യോഗി സര്‍ക്കാര്‍; നിയമം തെറ്റിക്കുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍

കരട് നിയമം പുറത്തിറക്കി ,രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിയന്ത്രണം
Janayugom Online

ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി ആദിത്യനാഥ് സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്​ ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യാ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക്​ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ്​ ജനസംഖ്യ ബില്‍.നിയമത്തിന്റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് പേരെ മാത്രമേ ഉള്‍പ്പെടുത്തൂ. രണ്ടില്‍ ഏറെ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനോ സാധിക്കില്ല.

രണ്ടുകുട്ടികള്‍ എന്ന നയം പിന്തുടരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ സേവനത്തിനിടയില്‍ രണ്ട് അധിക ഇന്‍ക്രിമെന്റുകള്‍, സ്ഥലം- വീട് വാങ്ങുന്നതിന്‌ സബ്സിഡി, യൂട്ടിലിറ്റി ചാര്‍ജുകളില്‍ ഇളവ്, ഇപിഎഫില്‍ മൂന്ന് ശതമാനം വര്‍ധനവ് എന്നിവ പോലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഒരൊറ്റ കുട്ടി ഉള്ളവര്‍ക്ക് നാല് അധിക ഇന്‍ക്രിമെന്റുകള്‍ ലഭിക്കും. സൗജന്യ ആരോഗ്യ പരിരക്ഷ 20 വയസു വരെ ലഭിക്കും. സ്‌കൂള്‍ അഡ്മിഷന് മുന്‍തൂക്കം ലഭിക്കും. ബിരുദതലം വരെ കുട്ടിയുടെ പഠനച്ചെലവ് സൗജന്യമായിരിക്കും.സര്‍ക്കാര്‍ സേവനത്തില്‍ ഏര്‍പ്പെടാത്തവരും രണ്ട്-ശിശു നയം പിന്തുടരുന്നവരുമായവര്‍ക്ക് വെള്ളം, വൈദ്യുതി ബില്ലുകള്‍, ഭവന നികുതി, ഭവന വായ്പ എന്നിവയ്ക്ക് ഇളവ് നല്‍കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു. മിതമായി പലിശയില്‍ വീട്​ വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതും വായ്പ അനുവദിക്കും. 

സംസ്ഥാന നിയമ കമ്മിഷന്റെ വെബ്സൈറ്റില്‍ നിയമത്തിന്റെ കരട് ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനാഭിപ്രായത്തിനായി ജൂലൈ 19 വരെ ഇത് ലഭ്യമാകും. അതേസമയം മതപരമായ കാരണങ്ങളാലും വ്യക്തിനിയമത്തിന്റെ ആനുകൂല്യത്തിലും ഒന്നിലധികം വിവാഹത്തിന് അനുവാദം ഉള്ളവര്‍ ഉണ്ടാകും. അവര്‍ ഒന്നിലേറെ വിവാഹബന്ധത്തില്‍ ഉണ്ടാകും. ഇങ്ങനെ രണ്ട് ബന്ധത്തില്‍ ഉണ്ടെങ്കിലും ഭാര്യയായാലും ഭര്‍ത്താവായാലും ഈ നിയമപ്രകാരം ഒരു വ്യക്തിയായാണ് നിയമം പരിഗണിക്കുക എന്ന് കരട് പറയുന്നു.
ആനുകൂല്യങ്ങള്‍ കൈപറ്റിയ ശേഷം നിയമം തെറ്റിച്ച് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ അയാളില്‍ നിന്നും കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നിയമത്തില്‍ പറയുന്നുണ്ട്. കരടിന്മേല്‍ വരുന്ന പൊതുനിര്‍ദ്ദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഓഗസ്‌റ്റോടെ നിയമം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് നിയമ കമ്മിഷന്‍ അധ്യക്ഷന്‍ എ എന്‍ മിത്തല്‍ പറഞ്ഞു. ബിജെപിയുടെ ഭരണത്തിലുള്ള അസമില്‍ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാന്‍ നേരത്തെ നീക്കം തുടങ്ങിയിട്ടുണ്ട്.
eng­lish summary;Adityanath gov­ern­ment set to imple­ment the Pop­u­la­tion Con­trol Act in Uttar Pradesh
you may also like this video;