മാനന്തവാടി കുറുക്കൻമൂലയിലെ നെൽപ്പാടത്ത് വൈദ്യുതി ഷേക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതിയുടെ മരണത്തെ കുറിച്ച് ഡി വൈ എസ് പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ലഭിച്ച ശേഷം കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആദിവാസി വിഭാഗത്തിലുള്ള സ്ത്രീകളെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ഇല്ലാതാക്കുന്ന ഒരു മാഫിയാ സംഘം വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പത്ര റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ ഒരന്വേഷണം ആവശ്യമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ചയാണ് ശോഭ എന്ന യുവതി കൊല്ലപ്പെട്ടത്. ഞായറാഴ്ച കാണാതായ യുവതിയെ തിങ്കളാഴ്ച നെൽപാടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈദ്യുതി ഷോക്കാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. എന്നാൽ മരിച്ചുകിടന്ന സ്ഥലത്ത് വൈദ്യുതി ലൈനിന്റെ ലക്ഷണമൊന്നും പോലീസ് കണ്ടെത്തിയില്ല. തെളിവ് നശിപ്പിക്കുന്നതിനായി വൈദ്യുതി വയറുകൾ മാറ്റിയതായി കരുതുന്നു.
English summary: adivasi women death Human Rights Commission orders probe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.