ആടിവേടനും കരിങ്കാലനും മാഞ്ഞുപോകുമോ?

Web Desk
Posted on August 17, 2019, 5:08 pm

ഇരിട്ടി: വര്‍ത്തമാനകാല പരിസരങ്ങളില്‍ നിന്ന് മാഞ്ഞുപോകുന്ന ചില കാഴ്ചകളുടെ കൂട്ടത്തിലാണ് കരിങ്കാലനും. ഉത്തര മലബാറിലെ ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആചാരമെന്ന നിലയിലാണ് ആടിവേടനൊപ്പം കരിങ്കാലനും കെട്ടിയാടുന്നത്. കര്‍ക്കിടക സംക്രമനാളിലാണ് വേടന്‍ കെട്ടുന്നതെങ്കില്‍ ചിങ്ങ സംക്രമത്തിനാണ് കാലന്റ വരവ്. കാലത്തിന്റെയും തലമുറയുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളര്‍ച്ചയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കാരണം ഭൂരിഭാഗം പ്രദേശങ്ങളിലും കാലന്‍ കെട്ടിയാടല്‍ ആചാരവും ചടങ്ങും ഇപ്പോള്‍ പുതുതലമുറക്ക് പാടിപ്പതിഞ്ഞ ചരിത്രമായി മാറിക്കഴിഞ്ഞു. കീഴൂര്‍ തെരു ഗണപതി മഹാദേവ ക്ഷേത്ര പരിസരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ചടങ്ങുകള്‍ നടക്കുന്നത്.

കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായി പഴയകാല മേലാള കീഴാള വര്‍ഗ്ഗത്തിന്റേയും ഭൂഉടമ കുടിയാന്‍ ബന്ധത്തിന്റേയും കാലത്ത് പിറവിയെടുത്തതാണ് ഈ ആചാരം. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന നല്ലൊരു കലാരൂപം കൂടിയാണ്. നാട്ടുകാരായ കുട്ടികള്‍ കരിങ്കാലാ എന്നു വിളിച്ച് ഒപ്പം കൂടുന്നതും അടിക്കാനായി കുട്ടികളുടെ പിന്നാലെ യോടുന്നതും മനോഹരമായ ഒരു കാഴ്ച്ചതന്നെയാണ് സമ്മാനിക്കുന്നത്.

മുതിര്‍ന്ന കാരണവര്‍ക്കും, വാദ്യമേളക്കാരനുമൊപ്പം വീടുകളിലെത്തുന്ന കാലനെ സ്വീകരിക്കാന്‍ വീടുകളില്‍ കത്തിച്ചുവെച്ച നിലവിളക്കും, നിറനാഴിയുമായി വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ ഉമ്മറപ്പടിയിലുണ്ടാകും. ചടങ്ങുകളവസാനിച്ചാല്‍ കൃഷിക്കും വീടിനും വീട്ടുകാര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി കരിങ്കാലന്‍ അടുത്ത ഭവനം ലക്ഷ്യമാക്കി ഓടിയകലും. പുന്നാട്ടെ കണ്ണന്‍ പണിക്കരുടെയും മകന്‍ രാജേഷിന്റെയും രഞ്ജിത്തിന്റെയും നേതൃത്വത്തിലാണ് ഇക്കുറിയും കരിങ്കാലന്‍ കെട്ടിയാടിയത്.

YOU MAY LIKE THIS VIDEO ALSO