Monday
18 Feb 2019

ചരിത്രത്തെ അപഹരിച്ചും കയ്യടക്കിയും മുന്നേറുന്ന ഭരണകൂട വൈകൃതം

By: Web Desk | Monday 12 November 2018 10:51 PM IST

ആര്‍എസ്എസ്-സംഘ്പരിവാര്‍ നിയന്ത്രിത കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും അതിന്റെ കയ്യാളുകളും ചരിത്രത്തെ അപഹരിക്കാനും കൈപ്പിടിയിലൊതുക്കാനും നിരന്തരം യത്‌നിച്ചുവരികയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഗുജറാത്തില്‍ മൂവായിരം കോടി രൂപ ചെലവിട്ട് നിര്‍മിച്ച ‘ഐക്യപ്രതിമ’യും തിരൂര്‍ റയില്‍വേസ്റ്റേഷനില്‍ ‘വാഗണ്‍ ദുരന്ത’ത്തെ അനുസ്മരിപ്പിക്കുന്ന ഛായാചിത്രം തുടച്ചുനീക്കിയതും. നര്‍മദാ സരോവര്‍ തീരത്ത് പടുത്തുയര്‍ത്തിയ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളോട് ചരിത്രത്തിലുടനീളം പുറന്തിരിഞ്ഞു നില്‍ക്കുകയും അതിനെ ഒളിഞ്ഞും തെളിഞ്ഞും വഞ്ചിക്കുകയും ചെയ്ത സംഘപരിവാര്‍ തങ്ങളുടെ വികൃതഭൂതത്തെ വെള്ളതേച്ചു മിനുക്കി അവതരിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു. തിരൂരില്‍ വാഗണ്‍ ദുരന്തത്തിന്റെ ഛായാചിത്രം തുടച്ചുനീക്കിയതാവട്ടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ഏറനാട്ടെ ജന്മിത്വ-നാടുവാഴി ഭീകരതക്കുമെതിരെ നടന്ന ചെറുത്തുനില്‍പിനെ ചോരയില്‍ മുക്കിക്കൊന്ന കൊടും ക്രൂരതയുടെ ഏറ്റവും വിനയാന്വിത ആവിഷ്‌കാരവും. തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാതിരുന്ന ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമര പോരാട്ടത്തിനുമേല്‍ അവകാശം സ്ഥാപിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ കുത്സിതയത്‌നമായി ഐക്യപ്രതിമാ നിര്‍മാണം ചരിത്രത്തില്‍ ഇടംപിടിക്കും. ചരിത്ര യാഥാര്‍ഥ്യങ്ങളെയും ത്യാഗപൂര്‍ണമായ കര്‍ഷക സമരങ്ങളെയും ഭരണകൂട കൊടുംക്രൂരതകളെയും മറയ്ക്കാന്‍ ചരിത്ര നിഷേധികളായ ഫാസിസ്റ്റുകള്‍ നടത്തിയ ശ്രമമായി തിരുരിലെ ചിത്രവധം ചരിത്രതാളുകളില്‍ ആലേഖനം ചെയ്യപ്പെടും. നാം ജീവിക്കുന്നത് ഓരോ നിമിഷവും, കടന്നുപോകുന്ന ഓരോ സംഭവപരമ്പരയും അനേക രൂപങ്ങളിലും ഭാവങ്ങളിലും മായിക്കാനാവാത്തവിധം രേഖപ്പെടുത്തപ്പെടുന്ന മാധ്യമ വിസ്‌ഫോടനത്തിന്റെ യുഗത്തിലാണെന്നത് വിസ്മരിച്ചുകൊണ്ടാണ് ആര്‍എസ്എസ്-സംഘ്പരിവാര്‍ കൂപമണ്ഡുകങ്ങള്‍ പെരുമാറുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല.
രാജ്യം കണ്ട എക്കാലത്തെയും ഏറ്റവും തലയെടുപ്പുള്ള കര്‍ഷക നേതാവുകൂടിയായിരുന്നു പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും ആധുനിക ഇന്ത്യയുടെ സൃഷ്ടിയില്‍ നിയാമകശക്തിയുമായിരുന്ന ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍. ഏതൊരു കര്‍ഷക ജനസാമാന്യത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയാണോ ആ മഹാമനുഷ്യന്‍ അനവരതം യത്‌നിച്ചത്, ആ ജനതയുടെ പിന്‍തലമുറയുടെ നിലനില്‍പിന്റെ അസ്ഥിവാരം തോണ്ടിക്കൊണ്ടാണ് നരേന്ദ്രമോഡിയും സംഘവും സര്‍ദാറിന്റെ പ്രതിമ കര്‍ഷകന്റെ നിലനില്‍പിനുമേല്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഗുജറാത്തിലെ 40,192 ഹെക്ടര്‍ വരണ്ടുണങ്ങിയ കൃഷിഭൂമിയില്‍ ജലസേചനമെത്തിക്കാന്‍ വേണ്ടിവരുമായിരുന്ന തുകയുടെ ഇരട്ടിയാണ് ‘ഐക്യപ്രതിമ’യുടെ നിര്‍മാണ ചെലവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നര്‍മദാ ജില്ലയിലെ 75,000 ആദിവാസികള്‍ ജീവിക്കുന്ന 72 ഗ്രാമങ്ങളെയാണ് ഈ പ്രതിമാസ്ഥാപനം എക്കാലത്തേക്കും പ്രതികൂലമായി ബാധിക്കുക. അവരുടെ പുനരധിവാസത്തിനു യാതൊരു പദ്ധതിയും ആവിഷ്‌കരിക്കാതെ പ്രതിമാ സ്ഥാപനം വിനോദസഞ്ചാര വികസനത്തിന് ഉതകുമെന്ന മറുവാദമാണ് പ്രധാനമന്ത്രി നിരത്തുന്നത്. പ്രധാനമന്ത്രി കൃഷി സിഞ്ചായിസ് യോജന എന്നറിയപ്പെടുന്ന കാര്‍ഷിക ജലസേചന പദ്ധതിക്കായി ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ട 1,114 കോടി രൂപയുടെ പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് അതിന്റെ ഇരട്ടിയിലധികം തുക മുടക്കി പ്രതിമാനിര്‍മാണ മാമാങ്കം നടത്തി നരേന്ദ്രമോഡി രാഷ്ട്രീയ മുതലെടുപ്പിനു കോപ്പുകൂട്ടുന്നത്. രാജ്യത്തെമ്പാടും കര്‍ഷകര്‍ നിലനില്‍പിനുവേണ്ടി അഭൂതപൂര്‍വമായ പോരാട്ടത്തില്‍ ഏര്‍പ്പെടുകയും കൂട്ട ആത്മഹത്യകള്‍ തടയാന്‍ മുറവിളി ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മറുവശത്ത് രാജ്യത്തെ കര്‍ഷകരുടെ ചെറുത്തുനില്‍പ് സമരങ്ങളില്‍ ഒന്നിന്റെ ജ്വാജ്വല്യമാനമായ ഓര്‍മകളെ ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതും.
കര്‍ഷകരടക്കം ജനസാമാന്യങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സാമ്പത്തിക തകര്‍ച്ചയെയും ജീവിത ദുരിതങ്ങളെയും അഭിമുഖീകരിക്കുമ്പോഴാണ് മോഡി ഭരണകൂടം ആഡംബരപൂര്‍ണമായ പ്രതിമാനിര്‍മാണ പരമ്പരകള്‍ക്ക് പൊതുജനങ്ങളുടെ പണം വഴിതിരിച്ചുവിടുന്നത്. ഗുജറാത്തിലെ ഐക്യപ്രതിമയും മുംബൈ തീരത്തെ ശിവജി പ്രതിമയും സരയൂ തീരത്തെ നിര്‍ദ്ദിഷ്ട ശ്രീരാമപ്രതിമയും ഹതഭാഗ്യരായ ഇന്ത്യന്‍ ജനതയോടുള്ള ഭരണകൂട പരിഹാസത്തിന്റെ പ്രതീകങ്ങളാണ്. വെടിയുണ്ടയുടെ വേഗത്തില്‍ ചീറിപ്പായുന്ന അതിവേഗ തീവണ്ടികളും മുംബൈയടക്കം മഹാനഗരങ്ങളുടെ പ്രാന്തങ്ങളില്‍ മനുഷ്യപ്പുഴുക്കള്‍ അധിവസിക്കുന്ന ചേരികള്‍ക്ക് നടുവില്‍ അവരെ പല്ലിളിച്ച് അപഹസിക്കുന്ന ആഡംബര വിമാനത്താവളങ്ങളും വിരുദ്ധ ധ്രുവങ്ങളിലേക്ക് വളര്‍ന്നകലുന്ന ഇന്ത്യയുടെ വികൃതമുഖമാണ് കാഴ്ചവയ്ക്കുന്നത്. നാലരവര്‍ഷം മുമ്പ് അധികാരത്തിലേറുമ്പോള്‍ തങ്ങള്‍ വിഭാവനം ചെയ്ത നല്ല ദിനങ്ങള്‍ കേവലം മരീചികയാണെന്ന് മോഡി ഭരണകൂടവും രാജ്യത്തെ സാമാന്യ ജനങ്ങളും തിരിച്ചറിയുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളടക്കം സ്ഥാപനങ്ങളുടെ കണക്കറ്റ പണമാണ് ഈ ധൂര്‍ത്തിനായി ചെലവിടുന്നതെന്ന് സിഎജി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോഡി സര്‍ക്കാരിന്റെ ഈദൃശ നടപടികള്‍ക്ക് കടിഞ്ഞാണിടാന്‍ ജനകീയ ചെറുത്തുനില്‍പുകള്‍ക്ക് മാത്രമെ കഴിയൂ.