ഭരണകൂടങ്ങള്‍ക്ക് ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യത: കാനം

Web Desk
Posted on December 31, 2018, 10:33 pm

ശിവഗിരി: ഭരണഘടന സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് ഭരണകൂടം ഒളിച്ചോടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനയ്ക്ക് മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കുവാന്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ഒരുമ്പെടുകയാണ്. വിശ്വാസം വ്യക്തിപരമായ പ്രശ്‌നമാണെന്ന് കാനം പറഞ്ഞു. ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ഭരണഘടന ഉറപ്പു നല്‍കുന്ന സാമൂഹിക നീതിയും സമത്വവും എന്ന വിഷയത്തിലെ സെമിനാറില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധികളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന ആശയത്തെ ശക്തിപ്പെടുത്താനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ യോജിച്ച പ്രവര്‍ത്തനമാണ് ഇന്നത്തെ ആവശ്യം.

സാമൂഹ്യ നീതി എന്നത് അധരവ്യായാമമായി ഒടുങ്ങുന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു. അനീതിയുടെ ദുരിതങ്ങളില്‍ നിന്ന് മഹാഭൂരിപക്ഷം വരുന്ന ജനതയെ മോചിപ്പിക്കുക എന്നത് സാമൂഹ്യ നീതിയുടെ മുഖ്യഇനമാണ്. ഇന്ത്യയില്‍ സാമൂഹ്യ നീതിയെ കുറിച്ച് ആദ്യമായി സുചിന്തിതമായ അഭിപ്രായം രേഖപ്പെടുത്തിയ രാഷ്ട്രീയ പാര്‍ട്ടി സിപിഐയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1930 ല്‍ സിപിഐ അംഗീകരിച്ച ‘പ്രക്ഷോഭത്തിന്റെ പൊതുവേദി’ എന്ന പ്രമേയത്തില്‍ ‘ബ്രിട്ടീഷ് ഭരണം, ജന്മിത്വ സമ്പ്രദായം എറ്റവും പിന്തിരിപ്പനായ ജാതി വ്യവസ്ഥ, മതപരമായ കാപട്യങ്ങള്‍ ഇവയെല്ലാം അടിച്ചേല്‍പ്പിക്കുന്ന പഴയ കാലം മുതല്‍ക്കുള്ള അടിയായ്മയും ദുഷിച്ച പാരമ്പര്യങ്ങളും ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്’ എന്നും, അദ്ധ്വാനിക്കുന്ന ദളിതരുടേയും മറ്റ് അശരണരുടേയും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും നിയമപരവുമായ മോചനം സാധിക്കണമെങ്കില്‍ ജാതി വ്യവസ്ഥയും ബ്രിട്ടീഷ് ഭരണവും പോകണം’ എന്നും അസന്നിഗ്ധമായി പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടെന്ന് കാനം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഏകമത സിദ്ധാന്തം ഇന്നുള്ള എല്ലാ മതങ്ങളേയും ഇനിയും മതങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അവയേയും സഹിഷ്ണുതയോടെ വീക്ഷിക്കുവാനും, ത്യാജഗ്രാഹ്യ ബുദ്ധിയോടെ വിലയിരുത്തി സാമാന്യ തത്വങ്ങളില്‍ വിശാലമായ ഒരു ഐക്യവേദിയില്‍ മനുഷ്യ സഞ്ചയത്തെ ഏകീകരിക്കാനും സഹായകമായ ഒരു ദര്‍ശന ചക്രവാളത്തെ തുറന്നുവെയ്ക്കുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടു.കേരളീയ സമൂഹത്തില്‍ ജാതീയതയും അനാചാരങ്ങളും വീണ്ടും കൊണ്ടുവരുവാന്‍ നടത്തുന്ന ശ്രമങ്ങളേയും നാം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങളെയും തല്ലിക്കെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ ഏതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്ന് കാനം പറഞ്ഞു. ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകും. മന്ത്രി അഡ്വ. കെ രാജു, ഡെപ്യുട്ടി സ്പീക്കര്‍ വി ശശി എന്നിവര്‍ മുഖ്യാതിഥികളാകും.