ഒഴിവുള്ള 66 എംബിബിഎസ് സീറ്റിലും പ്രവേശനം നടത്തി

Web Desk
Posted on September 08, 2018, 10:32 pm

തിരുവനന്തപുരം: സംസ്ഥാന പ്രവേശന കമ്മിഷണര്‍ ഇന്ന് പുനരാരംഭിച്ച തല്‍സമയ കൗണ്‍സിലിങില്‍ നിലവില്‍ വിവിധ കോളജുകളില്‍ ഒഴിവുണ്ടായിരുന്ന 66 സ്വാശ്രയ എംബിബിഎസ് സീറ്റുകളും നികത്തി. സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവുണ്ടായിരുന്ന 10 ദന്തല്‍ സീറ്റുകളിലും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി. സ്വാശ്രയ കോളജുകളില്‍ ഒഴിവുള്ള 590 ദന്തല്‍ സീറ്റുകളില്‍ നൂറോളം സീറ്റുകളും രാത്രി വരെ നീണ്ട ആദ്യ ദിന കൗണ്‍സിലിങില്‍ നികത്തി. ബാക്കി സീറ്റുകളില്‍ പ്രവേശനത്തിന് ഇന്നും കൗണ്‍സിലിങ് തുടരും. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നീറ്റ് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്ന് പകല്‍ രണ്ട് മുതല്‍ പങ്കെടുക്കാം.

സുപ്രിംകോടതി സ്‌റ്റേ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അല്‍ അസ്ഹര്‍ തൊടുപുഴ, വയനാട് ഡി എം, പി കെ ദാസ് പാലക്കാട്, വര്‍ക്കല എസ്ആര്‍ എന്നീ കോളജുകളിലെ 550 എംബിബിഎസ് സീറ്റുകള്‍ ഒഴിവാക്കിയാണ് കൗണ്‍സിലിങ് പുനരാരംഭിച്ചത്. ഇവിടങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക് സുപ്രിംകോടതിയുടെ അന്തിമ ഉത്തരവ് എതിരായാല്‍ പഴയ കോഴ്‌സുകളിലേക്ക് മടങ്ങിപ്പോകാനുള്ള അവസരം ഉണ്ടാകും. ഇന്ന് കൗണ്‍സിലിങ് പുനരാരംഭിച്ചപ്പോള്‍ നാല് കോളജുകളില്‍ പ്രവേശനം ലഭിച്ച ഉയര്‍ന്ന റാങ്കുകാര്‍ മറ്റു കോളജുകളില്‍ നല്‍കിയിരുന്ന ഓപ്ഷനുകളുടെ പിന്‍ബലത്തില്‍ ആ ഒഴിവുകളില്‍ പ്രവേശനം നേടി. എന്നാല്‍, ആ സീറ്റുകളില്‍ കഴിഞ്ഞ ദിവസം പ്രവേശനം നേടുകയും മറ്റ് ഓപ്ഷനുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത താഴ്ന്ന റാങ്കുകാരില്‍ ചിലര്‍ പുറത്തായി.

ഇന്ന് കൗണ്‍സിലിങ് നടപടികള്‍ പൊതുവെ സമാധാനപരമായി നടന്നു. നാല് സ്വാശ്രയ കോളജുകളില്‍ പ്രവേശനത്തിന് സുപ്രിംകോടതി അന്തിമ ഉത്തരവും പ്രവേശന സമയവും ലഭിച്ചാല്‍ 12ന് ശേഷം മോപ് കൗണ്‍സിലിങ് വീണ്ടും ഉണ്ടാകും. 10 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ് പിഴവുകളുണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് നടപടിക്രമങ്ങള്‍ തുടരുന്നത്.