Janayugom Online
shabrimala-janayugam

ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും

Web Desk
Posted on July 26, 2018, 9:57 am

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് മുന്‍പാകെ ഇന്ന് വാദം തുടരും. ശബരിമല തന്ത്രി ഉള്‍പ്പെടെ കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. നേരത്തെ, ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചിരുന്നു. ആരാധനാലയങ്ങള്‍ എല്ലാവര്‍ക്കും തുറന്നു കൊടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ പിന്നാക്ക വിഭാഗക്കാരുടെ പ്രവേശനം മാത്രമാണ് പ്രതിപാദിക്കുന്നതെന്ന് എന്‍എസ്‌എസ് വിശദീകരിച്ചു. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ദേവസ്വം ബോര്‍ഡിന്റെയും എന്‍എസ്‌എസിന്റെയും വാദങ്ങള്‍ കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.