അടൂര്‍ ;വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

Web Desk
Posted on January 08, 2018, 8:51 am

പത്തനംതിട്ട: എംസി റോഡില്‍ അടൂര്‍ വടക്കടത്ത് കാവിനു സമീപം ബൈക്ക് മിനിലോറിയിലിടിച്ച്  ബൈക്കില്‍ സഞ്ചരിച്ച  മൂന്നു വിദ്യാര്‍ഥികളാണ് മരിച്ചത്. അടൂര്‍ മാങ്കൂട്ടം പടിഞ്ഞാറ്റേതില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ മകന്‍ ചാള്‍ (16), അടൂര്‍ കൈതപ്പറമ്പ് ലക്ഷ്മി ഭവനില്‍ ഷാജിയുടെ മകന്‍ വിശാദ് (16), കൊല്ലം പട്ടാഴി വടക്കേക്കര താഴക്കു വടക്ക് പള്ളിവടക്കേതില്‍ വിനോദിന്‍റെ  മകന്‍ വിമല്‍ (16) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സമീപത്തെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങും വഴിയായിരുന്നു അപകടം. മൂന്നു പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥികളാണ് മൂവരും.

അടൂരില്‍ നിന്ന് ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. തേനീച്ചപ്പെട്ടിയുമായി തൊടുപുഴയിലേക്ക് പോയതാണ് മിനിലോറി.അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ അടൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.