അടൂരിലെ ബോംബ് ആക്രമണം: ആര്‍എസ്എസ് ജില്ലാ പ്രചാരകന്‍ കസ്റ്റഡിയില്‍

Web Desk
Posted on February 09, 2019, 10:54 am

ശബരിമല സമരത്തിന്റെ മറവില്‍ അടൂരില്‍ നടന്ന ബോംബേറില്‍ പ്രതിയായ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണി (30) നെ അടൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് അടൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസില്‍ ഇയാള്‍ റിമാന്‍ഡിലായിരുന്നു.

അടൂരിലെ ബോംബേറ് കേസില്‍ ചോദ്യം ചെയ്യാനായി അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ സിഐ സന്തോഷ്‌കുമാര്‍ നല്‍കിയ അപേക്ഷയിലാണ് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.

പട്ടാപ്പകല്‍ അടുര്‍ പാര്‍ഥസാരഥി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പിനു നേരെയും വൈകിട്ട് പഴകുളത്ത് വ്യാപാര സ്ഥാപനത്തിനു നേരെയും രാത്രിയില്‍ സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി രവീന്ദ്രന്റെ വീടിനു നേരെയുമാണ് ബോംബേറ് ഉണ്ടായത്.

ബോംബേറ് നടന്ന ദിവസം പ്രവീണിന്റെ സാന്നിധ്യം അടൂരില്‍ ഉണ്ടായിരുന്നു. പ്രവീണ്‍ നല്‍കിയ ബോംബാണ് മുന്നിടത്തും ഉപയോഗിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സിപിഐ എം നേതാവിന്റെ വീട്ടില്‍ ബോംബെറിഞ്ഞ അരുണ്‍ ശര്‍മ്മയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പ്രവീണാണ് ബോംബ് നല്‍കിയതെന്ന് മൊഴി നല്‍കി. ബോംബെറിഞ്ഞ സംഭവത്തിലെ പ്രധാനിയെ പിടികൂടാനുണ്ട്.